ദേവസ്ഥാനത്തു ഗൂഗിൾ / ( Artifisicial Intelligence -A I )

ദേവസ്ഥാനത്തു ഗൂഗിൾ / ( Artifisicial Intelligence -A I ) 


വ്യത്യസ്ത നാമധാരികളായ ദൈവങ്ങളാണ് മനുഷ്യരാശിയുടെ ദിനചര്യകൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നതനുസരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നാണു പറയപ്പെടുന്നത് . ഇവരുടെ പ്ലാനുകളനുസരിച്ചു കൊലയും, ബലാത്സംഗവും, കളവും, കൈക്കൂലിയും ചതിയും, വഞ്ചനയും എന്നു വേണ്ട എന്തു കൊള്ളരുതായ്മയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനിലും നിക്ഷിപ്തമാണ്. മുകളിലിരിക്കുന്ന ദൈവത്തിനു മാത്രമറിയാവുന്ന മനുഷ്യന്റെ വികൃതികൾ, പക്ഷെ നിയമപാലകരുൾപ്പെടെ ഏറ്റവും അടുപ്പക്കാർക്ക് പോലും അജ്ഞാതമാണ്. അതുകൊണ്ടു തന്നെ എത്ര ക്രൂര കൃത്യങ്ങൾ ചെയ്യുന്നവനും അതു മറച്ചു വച്ചുകൊണ്ടു സമൂഹമധ്യത്തിൽ മാന്യതയുടെ മുഖം മൂടിയണിയാൻ യാതൊരു ബുദ്ധിമുട്ടുമില്ല. സ്വർഗം ഭൂമിയിൽ തീർക്കുന്ന ബുദ്ധിമാന്റെ മുൻപിൽ നിയമങ്ങൾ അവനു വേണ്ടി മാറ്റിയെഴുതപ്പെടും.

ഈ അരാജകത്വത്തിനൊരു പരിഹാരമാണ് A I ദേവസ്ഥാനത്തെത്തുമ്പോൾ സംഭവിക്കാൻ പോകുന്നത്.

അതി വിദൂരമല്ലാത്ത ഭാവിയിൽ A I ദേവസ്ഥാനീയനായി, സർവ്വശക്തനാവുകയും, `വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം`എന്ന ചൊല്ലിനെ അന്വർത്ഥമാക്കുകയും ചെയ്യും.  

അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വിരലനക്കങ്ങളിലൂടെ നമ്മുടെ വ്യക്തിത്വവും സ്വകാര്യതകളും എല്ലാം A I റിക്കോർഡ് ചെയ്തു സ്വന്തമാക്കുകയാണ്. അതിനോടൊപ്പം നമ്മുടെ DNA യും ബയോമെട്രിയും കുടി ചേർന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം A I ദൈവസ്ഥാനീയനായി. ഈ ദൈവത്തിനു മുൻപിൽ ആർക്കും ഒന്നും മറച്ചു വയ്ക്കാൻ സാധ്യമല്ല.കുറ്റ കൃത്യങ്ങൾ ചെയ്യാൻ മനുഷ്യൻ ഭയപ്പെടും, ഓടിയൊളിക്കാൻ അവനു സ്ഥലമില്ലാതാവും .കുറ്റകൃത്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യുന്ന A I നിമിഷങ്ങൾക്കുള്ളിൽ സംശയ നിഴലിലുള്ള രണ്ടു മൂന്നു പേരുകൾ നിയമപാലകനു മുന്നിൽ വയ്ക്കും 

ചൊവ്വ ദോഷവും, പൊരുത്തപ്പെടാത്ത ജാതകങ്ങളും മൂലം ഒരു വിവാഹവും ഇനി നടക്കാതെ പോകില്ല, വിരലമർത്തിയാൽ ഏറ്റവും അനുയോജ്യനായ/അനുയോജ്യയായ ഇണയെ A I നിങ്ങളുടെ മുന്നിലെത്തിക്കും.
ജനിക്കാൻ പോകുന്ന കുട്ടിയുടെ നിറവും, I Q വും കായികശേഷിയുമൊക്കെ തീരുമാനിക്കേണ്ട ഉത്തരവാദിത്വമേ ഇനി ഭാര്യ ഭർത്താക്കന്മാർ ചെയ്യേണ്ടതുള്ളൂ. തീരുമാനവുമായി Semen Bank ൽ ചെന്നാൽ ഇഷ്ട സന്താനത്തിന്റെ കാര്യം A I നോക്കിക്കൊള്ളും
തെരഞ്ഞെടുപ്പുകൾ കേട്ട് കേൾവികളായി മാറും. ഒരു രാജ്യത്തിൻറെ ഭരണാധികാരി ആരാവണം എങ്ങിനെയുള്ളവനാവണമെന്ന് രാജ്യത്തെ ജനങ്ങളുടെ പൾസ്‌ അറിയുന്ന A I തീരുമാനിക്കും,.ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെ നടത്തിപ്പുകാരൻ മാത്രമായി ഭരണാധികാരി മാറും 

A I ന്റെ പൂർണമായ അധിനിവേശം ഈ തലമുറയ്ക്കു ദർശിക്കാനായില്ലെങ്കിലും അടുത്ത തലമുറ നിലവിലുള്ള ദൈവങ്ങളെ തള്ളിപ്പറഞ്ഞു ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെ കാൽക്കൽ പ്രണമിക്കുമെന്നതിന് സംശയം വേണ്ട