War for Water

വെള്ളത്തിനു വേണ്ടി യുദ്ധം



ഇന്നലെകളിൽ യുദ്ധങ്ങൾ ഭൂമിക്കു വേണ്ടിയായിരുന്നു.  ഇന്നു നാം ഊർജ്ജത്തിനുവേണ്ടി യുദ്ധങ്ങൾ കൊണ്ടാടുന്നു.  നാളെയത് ജലത്തിനുവേണ്ടിയായിരിക്കുമോ?. ക്രമാതീതമായ ജനസംഖ്യാവർദ്ധനവും, ആളോഹരി ജലവിനിയോഗത്തിലുണ്ടായ വർദ്ധനവും, ലഭ്യമായ ജലസമ്പത്തിന്റെ മലിനീകരണവും മനുഷ്യന് ഉപയുക്തമായ ശുദ്ധജല ലഭ്യതയെ വളരെയേറെ സ്വാധീനിച്ചിരിക്കുന്നു. ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന വനനശീകരണവും, പ്രകൃതിദത്തമായ ചതുപ്പുനിലങ്ങൾ അനിയന്ത്രിതമായി നികത്തപ്പെടുന്നതും, രാസവളങ്ങളുടെയും കീട-കളനാശിനികളുടെയുമൊക്കെ അമിതമായ ഉപയോഗവും, വർദ്ധിച്ചു വരുന്ന ആഗോള തപനവുമൊക്കെ ഭൂമിയിലെ അതിലോലമായ ജലപരിവർത്തന പ്രക്രിയയെ തകിടം മറിക്കുന്നു.
വർദ്ധിച്ചുവരുന്ന ഉപഭോഗവും ശുഷ്കിച്ചുവരുന്ന ലഭ്യതയും ലാഭക്കൊതിയന്മാരായ  അന്താരാഷ്ട്ര കുത്തകകളെ ഈ മേഖലയിലേക്കാകർഷിക്കുകയും അവർ വെള്ളം വിറ്റ് സമ്പന്നരാകുകയും ചെയ്യുന്നു.  ലോകബാങ്കിന്റെ കണക്കനുസരിച്ച് കുടിവെള്ള മാർക്കറ്റ് ട്രില്യണുകൾ വിലമതിക്കുന്നതത്രെ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നീലസ്വർണ്ണമെന്നാണു ജലത്തെ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.  അടുത്തകാലത്തായി നടത്തിയ പല പഠനങ്ങളും വിരൽ ചൂണ്ടുന്നത് ഭൂഖണ്ഡാന്തര കാലാവസ്ഥാ വ്യതിയാനങ്ങൾ ഭൂമിയിലെ ശുദ്ധജല ലഭ്യതയെ സാരമായി ബാധിക്കുമെന്നു തന്നെയാണു്.  ഇന്ത്യയിൽതന്നെ ജനപ്പെരുപ്പം, നഗരവത്കരണം ആധുനിക കൃഷി രീതികൾ, കുതിച്ചു മുന്നേറുന്ന വ്യവസായവത്കരണം, സാമ്പത്തിക വളർച്ചയിലുണ്ടായ മുന്നേറ്റം എന്നിവമൂലം ആളോഹരി ജല ഉപഭോഗം വർദ്ധിക്കുകയും, ജലലഭ്യത തുലോം കുറയുകയും ചെയ്തു.
ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ കണക്കു പ്രകാരം 2050 ആകുമ്പോഴേക്കും ലോകത്തിലെ ഭൂരിഭാഗം വൻ നഗരങ്ങളും ജലദൗർലഭ്യത മൂലം നട്ടം തിരിയുകയായിരിക്കും. ബെയ്ജിംഗ്, ന്യൂ ഡൽഹി, മെക്സിക്കോ സിറ്റി, ലാഗൊസ്, ടെഹറാൻ ... പട്ടിക നീളുന്നു. 


ഏഷ്യയിലേക്കു തിരിഞ്ഞാൽ ലോകത്തിലേക്കും ജനബാഹുല്യമേറിയതും, ശുദ്ധജല ദാരിദ്ര്യം അനുഭവിക്കുന്നതുമായ ഈ ഭൂഖണ്ഡത്തിന്റെ ഭാവി അടുത്ത നൂറ്റാണ്ടിൽ ഒന്നുകൂടി വഷളാവുകയേയുള്ളുവെന്നു പഠനങ്ങൾ വിരൽചൂണ്ടുന്നു. നദീതട സംരക്ഷണത്തിലെ അപാകതകൾ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ജലസേചന പദ്ധതികൾ, ഭൂഗർഭ ജലസ്രോതസുകളുടെ അമിതോപയോഗം, നദികളുടെയും തടാകങ്ങളുടെയും മലിനീകരണം ഇതൊക്കെ ഏഷ്യൻ വികസ്വര രാജ്യങ്ങളിലെ ജലദൗർലഭ്യത്തിനു ആക്കം കൂട്ടുന്നു.  ഭൂഗർഭജലത്തിന്റെ അമിതോപയോഗം മൂലം ഭൂഗർഭജലനിരപ്പ് വളരെയേറെ താഴുകയും ജലത്തിലെ അർസെനിക്കിന്റെ അളവ് മാരകമാം വിധം ഉയരുകയും ചെയ്തിരിക്കുന്നു.  
ബംഗ്ലാദേശിലെയും ജാർഖണ്ഡ് ബീഹാർ ഉൾപ്പെടെയുള്ള കിഴക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനെ ഇത് വിഷലിപ്തമാക്കിയിരിക്കുന്നു.  കുടിവെള്ളത്തിലും ഇവിടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉത്പന്നങ്ങളിലും ഈ വിഷത്തിന്റെ അളവ് അനുവദനീയമായതിനേക്കാൾ പതിന്മടങ്ങാണു്.    
ഇന്ത്യയുടെ ജീവനാഡിയായ പുണ്യനദി ഗംഗ ശ്വാസം മുട്ടി മരിക്കുകയാണു്.  ഇവിടെയും മലിനീകരണവും, ജലത്തിന്റെ അമിത ഉപഭോഗവും, കാലവസ്ഥാവ്യതിയാനവുമൊക്കെത്തന്നെ കാരണങ്ങൾ. 
എന്തുകൊണ്ട് രാജ്യങ്ങൾ തമ്മിൽ വെള്ളത്തെച്ചൊല്ലി സംഘർഷങ്ങളുണ്ടാവുന്നു. ഒരുദാഹരണമെടുക്കാം. ബംഗ്ലാദേശിന്റെ സമ്പത്തിക സാമൂഹ്യമേഖലകളിൽ അതിന്റെ നദികൾ വളരെ പ്രധാനമായൊരു പങ്കു വഹിക്കുന്നു.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന നദികളായ ഗംഗ, യമുന, ബ്രഹഹ്മപുത്ര നദികളുടെ സംഗമ ഭൂമിയിന്ന് ജലദൗർലഭ്യത്തിന്റെ പിടിയിലാണെന്നത് ആശ്ചര്യകരം തന്നെ.  ബംഗ്ലാദേശ് വാട്ടർ ഡവലപ്മെന്റ് ബോർഡിന്റെ കണക്കുപ്രകാരം അവിടെ വലുതും ചെറുതുമായി 310 നദികളാണുള്ളത്.  ഇവയിൽ 53 എണ്ണം അതിർത്തി കടന്നെത്തുന്നവയാണു. ഏതാണ്ട് 90 ശതമാനം നദികളിലും ജലഗതാഗതം അസാധ്യമായിരിക്കുന്നു.  ഇങ്ങനെ ഭാഗിക മരണം സംഭവിച്ച നദികളിൽ ബ്രഹ്മപുത്ര, പദ്മ, മഹാനന്ദ, ഗോരാൾ, മേഘന, ഗോമതി, ഖുഷിയാര, ഭൈരവ് തുടങ്ങിയവ ഉൾപ്പെടുന്നു.  ഇന്ത്യ ബംഗ്ലാദേശിലേക്കൊഴുകുന്ന 57 നദികളെ നിയന്ത്രിക്കുന്നുവെന്ന് ബ​‍ൂഗ്ലാദേശ് പരാതിപ്പെടുന്നു.  അവയിൽ പ്രധാനപ്പെട്ട ഒന്നാണു ഫറാക്കാ അണക്കെട്ട്.  ഇന്ത്യാ ബംഗ്ലാദേശ് അതിർത്തിയിൽനിന്നു കേവലം 16.5 കിലോമീറ്റർ മാത്രമകലെ പശ്ചിമബംഗാളിലെ നവാബ് ഗഞ്ച് ജില്ലയിൽ ഇന്ത്യ പണികഴിപ്പിച്ചതാണീ അണക്കെട്ട്.  ഗംഗാനദിക്കു കുറുകെ 2.24 കിലോമീറ്റർ നീളത്തിൽ പണികഴിച്ചിരിക്കുന്ന ഈ ഡാമിന്റെ ലക്ഷ്യം വേനല്ക്കാലത്ത് വരണ്ടുണങ്ങുന്ന ഭഗീരഥി (ഹൂഗ്ലി) നദിയിലേക്ക് കൂടുതൽ വെള്ളമെത്തിച്ച് കല്ക്കട്ട തുറമുഖത്തെ രക്ഷിക്കുകയെന്നതാണു്.  ഇതിനായി ഹൂഗ്ലി നദിയിലേക്ക് 40 കിലോമീറ്റർ നീളമുള്ള ഫീഡർ കനാലും നിർമ്മിച്ചിരിക്കുന്നു. 


(ഹൈമവതസാനുക്കളിൽ നിന്നുത്ഭവിക്കുന്ന ഗംഗാനദിയുടെ പ്രാന്തപ്രദേശങ്ങൾ ലോകത്തിലേതന്നെ മഹത്തരമായൊരു സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. ഇന്ന് ഈ മഹാനദിയുടെ സമതലങ്ങളിൽ ജീവയാപനം നടത്തുന്നത് 120 മില്യൺ ജനങ്ങളാണു.  ഗംഗാതീരത്തെ നൂറോളം വരുന്ന വൻ നഗരങ്ങളിലും ചുറ്റുമുള്ള ഗ്രാമങ്ങളിലുമായി ഇന്ത്യൻ ജനസംഖ്യയുടെ 50% ഉം ബംഗ്ലാദേശിലെ 43% ജനങ്ങളും വസിക്കുന്നു.


1975 ൽ കമ്മീഷൻ ചെയ്ത ഫറാക്ക അണക്കെട്ടിൽ നിന്നും വരൾച്ചാ കാലഘട്ടമായ ഏപ്രിൽ 21 മുതൽ മെയ് അവസാനം വരെ 41 ദിവസത്തേക്ക് നീരൊഴുക്ക് അനുവദിക്കാമെന്നു തീരുമാനിച്ചെങ്കിലും,  1975 ആഗസ്ത് 15 നു ഷൈഖ് മുജിബുർ റഹ്മാന്റെ മരണശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളാവുകയും ഇന്ത്യ ഉഭയകക്ഷി തീരുമാനങ്ങളിൽനിന്നു പിന്മാറുകയും ചെയ്തു.  1976 ലെ വേനൽക്കാലത്ത് ബംഗ്ലാദേശിനു ഗംഗാനദീജലം ലഭിക്കാതിരിക്കുകയും അവർ പ്രശ്നം യു.എൻ. രക്ഷാസമിതിയിലവതരിപ്പിക്കുകയും തത്ഫലമായി ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറുണ്ടാവുകയും ചെയ്തു.  ഫറാക്കാ അണക്കെട്ടിന്റെ നിർമ്മാണം മൂലം ബംഗ്ലാദേശിന്റെ പല താഴ്ന്ന പ്രദേശങ്ങളും ഉപ്പുവെള്ളം കയറി കൃഷിയോഗ്യമല്ലാതായിത്തീർന്നു.  പല നദികളും അവയുടെ കൈവഴികളും ജലനിരപ്പു കുറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിത്തീർന്നു.  അതോടൊപ്പം സസ്യ-ജീവജാലങ്ങളുടെ നാശവും മരുഭൂവത്ക്കരണവും ഈ പദ്ധതിയുടെ പരിണിതഫലങ്ങളാണു്.
ജല ഉപഭോഗം നൾക്കുനാൾ വർദ്ധിക്കുകയും ഭൗമ തപനം തീവ്രമാവുകയും ചെയ്യുന്നത് ദേശീയവും അന്തർദേശീയവുമായ പല സംഘർഷങ്ങൾക്കും ഇട വരുത്തും.


ദേശീയ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണു് കാവേരി നദീജലത്തെച്ചൊല്ലി തമിഴ്നാടും കർണ്ണാടകവും തമ്മിൽ പതിറ്റാണ്ടുകളായി നിലനില്ക്കുന്ന തർക്കം.  ബ്രിട്ടീഷ് അധീനതയിലായിരുന്ന മദ്രാസ് പ്രസിഡൻസിയും, മൈസൂർ രാജക്കന്മാരുമായി 1892 ലും 1924-ലിലുമുണ്ടാക്കിയ രണ്ടു കരാറുകളാണ്‌ തമിഴ് നാടിന്‌ കാവേരീ നദീജല വിഭജനത്തിൽ മേല്ക്കൈ നേടിക്കൊടുത്തതും, വിവാദമായി നിലകൊള്ളുന്നതും.  കാവേരി ജലത്തിൽ തമിഴ് നാടിനു തത്തുല്യമായ അളവു ജലം തങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ കരാർ പുനർ വിചിന്തനം നടത്തണമെന്നാണ്‌ കർണ്ണാടക ആവശ്യപ്പെടുന്നത്.  എന്നാൽ കവേരീ ജലം ഉപയോഗിച്ച് തങ്ങളുടെ 30 ലക്ഷത്തോളം ഏക്കർ കൃഷി ഭൂമിയിൽ ജലസേചനസംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞുവെന്നും, ജലലഭ്യതയിലുണ്ടാവുന്ന ഏതൊരു കുറവും തങ്ങളുടെ കൃഷിക്കാരെ പട്ടിണിയിലാക്കുമെന്നുമാണ്‌ തമിഴ്നാടിന്റെ വാദം.


മാഹി നദിയിൽനിന്നും രജസഥാനു ലഭിക്കേണ്ട ജലം ഗുജറാത്ത് കവർന്നെടുക്കുകയാണെന്നും, ഗുജറാത്ത് നിർമ്മിക്കുന്ന സുജലാം സുഭലാം ജലസേചന കനാൽ 1966-ൽ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും രാജസ് ഥാൻ പരാതിപ്പെടുന്നു. 


ഭൗമതപനം ഭൂമിയുടെ അന്തരീക്ഷത്തിലും, അതുവഴി നിശ്ചിത കാറ്റുകളുടെ ഗതിയിലും മാറ്റങ്ങളുണ്ടാക്കിയേക്കാം.  കാറ്റുകളുടെ പാതയിലുണ്ടാവുന്ന വ്യതിയാനങ്ങൾ കാലവർഷത്തെയും (മൺസൂൺ) ബാധിച്ചേക്കാം.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പെയ്തിറങ്ങുന്ന മഴയുടെ 70% ത്തിലധികം മൺസൂണിന്റെ സംഭാവനയാണ്‌.  മൺസൂണിലുണ്ടാവുന്ന കുറവും ഹിമാലയത്തിലെ മഞ്ഞുപാളികളുടെ തിരോധാനവും ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഉലയ്ക്കാനും നിലവിലുള്ള വൈരാഗ്യങ്ങളെ ആളിപ്പടർത്താനും കാരണമാകുമെന്നു നിസ്സംശയം പറയാം.


ടിബറ്റിൽ ഉത്ഭവിച്ച് ഹിമാലയത്തിലെ മഞ്ഞുപാളികളിൽ നിന്നൂർജ്ജം ഉൾക്കൊണ്ട്, കാശ്മീരിലൂടെ ഇന്ത്യയിൽ പ്രവേശിച്ച്, ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്കൊഴുകുന്ന സിന്ധു നദി പാകിസ്ഥാൻ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ്‌.  ഹിമാലയത്തിലെ ചെറുതും വലുതുമായ ഗ്ലേസിയറുകളാണ്‌ ഈ നദിയെ പോഷിപ്പിക്കുന്നത്.  ലോകത്തിലേക്ക് ഏറ്റവും വലുത് എന്നു വിശേഷിപ്പിക്കാവുന്ന പാകിസ്ഥാന്റെ ജല സേചന വ്യവസ്ഥയെ 90% വും പരിപോഷിപ്പിക്കുന്നത് സിന്ധുവും പോഷകനദികളുമാണ്‌.


കാഷ്മീർ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയെച്ചൊല്ലി തർക്കങ്ങളുടലെടുക്കുകയും അത് യുദ്ധത്തിലേക്കു വഴുതി വീഴുകയും ചെയ്തപ്പോൾ ഇന്ത്യ പാകിസ്ഥാനിലേക്കുള്ള ജലലഭ്യത തടഞ്ഞു് പാകിസ്ഥാനെ പട്ടിണിക്കിടുമോ എന്ന ഭയം പാകിസ്ഥാനുണ്ടായി.  അവർ അന്താരാഷ്ട്ര രക്ഷാസമിതിയെ സമീപിക്കുകയും ഇന്റർനാഷണൽ ബാങ്ക് ഫോർ റികൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റിന്റെ (ഇന്നത്തെ വേൾഡ് ബാങ്ക്) അദ്ധ്യക്ഷതയിൽ 1960 സെപ്തംബർ 19-നു് കറാച്ചിയിൽ വച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹൃവും പാകിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനും തമ്മിൽ ഉഭയകക്ഷി കരാറിലൊപ്പിടുകയും ചെയ്തു.  കരാർ പ്രകാരം സിന്ധുനദിയിലെയും അതിർത്തി കടന്നൊഴുകുന്ന പോഷകനദികളായ ഝെലം, ചെനാബ് നദികളിലെയും ജലം പൂർണ്ണമായും പാകിസ്ഥാനവകാശപ്പെട്ടതാണ്‌.  രവി, ബിയാസ്, സത് ലജ് എന്നിവയിലെ ജലം ഇന്ത്യക്കവകാശപ്പെട്ടതും.


ഈ മേഖലയിലെ ജലതർക്കങ്ങൾ ഭാവിയിൽ രൂക്ഷമായേക്കാം.  സിന്ധു നദിയുടെ ഉത്ഭവ പ്രദേശമായ ടിബറ്റ് ഇന്ന് ചൈനയുടെ കൈവശമാണ്‌. വികസന വെപ്രാളം പിടിച്ച ചൈന ഈ നദികളെയും വഴി തിരിച്ചു വിട്ടേക്കാം. ജലക്ഷാമം രൂക്ഷമായാൽ സ്വന്തം ജനങ്ങൾക്കു വേണ്ടി ഇന്ത്യക്ക് ഉഭയകക്ഷികരാറുകളിൽ മായം ചേർക്കേണ്ടി വന്നേക്കാം.  ശത്രുത യുദ്ധത്തിലേക്കു വഴിനീങ്ങിയേക്കാം.


കാലാവസ്ഥാവ്യതിയാനവും അതുമൂലം സമുദ്രജലനിരപ്പിലുണ്ടാവുന്ന മാറ്റവും ശുദ്ധജലലഭ്യതയെ രൂക്ഷമായി ബാധിക്കും.  ഇപ്പോൾ തന്നെ ചൈനയിൽ കാലാവസ്ഥാവ്യതിയാനത്തിനിരകളായി താമസസ്ഥലം മാറ്റേണ്ടി വന്നവർ 50 മില്യണോളമാണ്‌.  സമുദ്രജലനിരപ്പ് ഒരുമീറ്റർ ഉയർന്നാൽ നമ്മുടെ കുട്ടനാടിനൊപ്പം വെള്ളത്തിനടിയിലവുന്നത് ഷാങ്ങ് ഹായ് നഗരവും പ്രാന്തപ്രദേശങ്ങളും മുഴുവനുമായിരിക്കും.  ഈജിപ്തിലെ നൈൽ ഡൽറ്റ, ബംഗ്ലാദേശിൽ ഗംഗാനദീതടം, വിയറ്റ്നാമിലെ മെക്കോംഗ് നദിതടം, ചൈനയിലെ യാങ്ങ്സെ, പാകിസ്ഥാനിൽ സിന്ധു നദി, വെനിസ്വേ​‍ലയുടെ ഒറിനാക്കോ, ബ്രസീലിന്റെ ആമസോൺ........നാശത്തിന്റെ വക്കിലെത്തി നിൽ ക്കുന്ന ശുദ്ധജലവാഹിനികളും നദീതടങ്ങളും നിരവധിയാണ്‌.


വികസന ഭ്രാന്തു പിടിച്ച വികസ്വര രാജ്യങ്ങളിൽ പലതിലും ജലവിതരണവും വിനിയോഗവും താറുമാറായിക്കിടക്കുന്നു.  ഇന്ത്യയിൽ ഒന്നിനെക്കുറിച്ചും വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ പോലും ലഭ്യമല്ലെന്നിരിക്കെ ഇന്ത്യയെ ഉദാഹരിക്കുവാനാവില്ല.  എങ്കിലും അവസ്ഥ എത്ര മോശമായിരിക്കുന്നു എന്നറിയാൻ നമ്മുടെ രാഷ്ട്രതലസ്ഥാനത്തെ കുടിവെള്ളലോബിയെപ്പറ്റിയുള്ള വാർത്തകൾ മാത്രം മതിയാവുമല്ലോ?.


ചൈനയിൽ അനിയന്ത്രിതമായ ഉപഭോഗം മൂലം നദികളും, ഭൂഗർഭ ജല സംഭരണികളും വറ്റി വരണ്ടുകൊണ്ടിരിക്കുന്നു.  കൃഷിയോഗ്യമായിരുന്ന ഭൂപ്രദേശങ്ങൾ മരുഭൂവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ജലസ്രോതസുകളെല്ലാം മലിനീകരണം കൊണ്ടു വീർപ്പുമുട്ടുന്നു. ജലത്തിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങൾ രൂക്ഷമാകുന്നു.


2006-ൽ ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലയിലെ മാവിളരു ഡാമിന്റെ ഷട്ടറുകൾ തമിഴ്പുലികൾ അടച്ചിടുകയും ഗണ്മെന്റ് നിയന്ത്രിത മേഖലയിലെ 60000-ത്തോളം ജനങ്ങളുടെ കുടിവെള്ളം തടഞ്ഞതും ചരിത്രത്തിനെ ഭാഗം.  തുടർന്നുണ്ടായ രൂക്ഷയുദ്ധത്തിൽ മരണമടഞ്ഞത് 500 ൽ അധികം ജനങ്ങളാണ്‌.
Jaimy Pattimakkeel