മാതാ അമൃതാനന്ദമയിയുടെ സദസ്സില്‍ പരിഭ്രാന്തി പരത്തിയ സത് നാം സിംഗ് ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു.
പാക്കിസ്ഥാനില്‍ പതിന്നാലു വയസ്സുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ സഞ്ചിയില്‍ നിന്നും ഖുര്‍ ആന്‍- ന്‍റെ കത്തിക്കരിഞ്ഞ പേജുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മരണശിക്ഷ പ്രതീക്ഷിക്കാവുന്ന ഈ കുറ്റത്തിന് അവള്‍ തടവിലാണ്. മന്ദ ബുദ്ധിയായ ആ കുട്ടിയുടെ സഞ്ചിയില്‍ ക്രിസ്ത്യാനികളെ ആ ചേരിയില്‍ നിന്നും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
അവിടുത്തെ ഇമാം തന്നെയാണ് ഖുര്‍ ആന്‍ പേജുകളുടെ അവശിഷ്ടങ്ങള്‍ അവളറിയാതെ നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയിരിക്കുന്നു.
ആദിപിതാവായ അബ്രഹാമും, ഇബ്രാഹിം നബിയും ആരാധിച്ചിരുന്ന ദൈവവും ക്രിസ്ത്യാനിയും മുസ്ലിമും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവവും ഒന്ന് തന്നെയെന്ന് ഒരു പക്ഷെ ആ മുസ്ലിം സഹോദരന് അറിവുണ്ടാകയില്ല. കഠിന തപസ്സും ധ്യാനവും യോഗയും വൃതമാക്കി പ്രപഞ്ച സത്യങ്ങളെ കണ്ടെത്തി സന്മാര്‍ഗ ചിന്തകള്‍ സമൂഹത്തിനു പകര്‍ന്നു തന്നിരുന്ന ഹിന്ദു സന്യാസിമാര്‍ ഇന്നില്ല. ഖുര്‍ ആന്‍ നിലും ബൈബിളിലും പ്രതിപാദിച്ചിരിക്കുന്ന സദ് വചനങ്ങള്‍ മനുഷ്യനന്മയ്ക്കുതകും വിധം വ്യാഖ്യാനിച്ചു കൊടുക്കുന്ന പുരോഹിത വര്‍ഗ്ഗവും ഇന്നു വിരളം.
ദൈവത്തില്‍ നിന്നും പ്രത്യേക സിദ്ധികള്‍ ചാര്‍ത്തിക്കിട്ടിയെന്നു തെറ്റിദ്ധരിപ്പിച്ച് അധികാരവും വക്ചാതുരിയും കൊണ്ട് അനുയായികളെ ബൈബിളിലും ഖുര്‍ ആനിലും ഒക്കെ കുറിച്ചുവച്ചിട്ടുള്ള സദ് വചനങ്ങള്‍ സ്വന്തം ഭാഷ്യത്തില്‍ അവതരിപ്പിച്ചു ദൈവത്തിങ്കലെയ്ക്കുള്ള എളുപ്പവഴി കാടിക്കൊടുക്കുന്ന കുട്ടിദൈവങ്ങള്‍ മാനുഷിക സംസ്കാരത്തിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്നു.
ഒരു കാലത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സ്വതന്ത്രരായി അവരവരുടെ സ്വന്തം ദൈവങ്ങളെ ആരാധിച്ചും ആഘോഷങ്ങള്‍ ഒരുമയോടെയും കൊണ്ടാടിയിരുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ ഓരോ വിഭാഗക്കാരും തങ്ങളുടെ അടിവേരുകള്‍ വിശ്വാസിയുടെ മനസ്സില്‍ ആഴമായി ഉറപ്പിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. വിശ്വാസത്തിന്റെ പേരില്‍ ഇത്രയേറെ ധ്രുവീകരണം സംഭവിച്ചതിനും വര്‍ഗീയ ചിന്ത ഇത്രയേറെ ശക്തി പ്രാപിച്ചതിനും കാരണം ദൈവങ്ങളല്ല. ദൈവത്തിന്റെ ഇടനിലക്കാരാണ്.
പ്രകൃതി ശക്തികളുടെ രഹസ്യങ്ങളെ മനസ്സിലാക്കുവാനും അവയെ കീഴടക്കുവാനുമുള്ള കഴിവില്ലായ്മയും ജീവിതത്തോടുള്ള അമിതമായ ആസക്തിയും മനുഷ്യനെ ദൈവത്തിങ്കലെത്തിക്കുന്നു. സ്വന്തം സുഖസമ്പാദനത്തിന വേണ്ടി കുറുക്കുവഴികള്‍ തേടുന്നവര്‍ ദൈവത്തിന്റെ ഇടനിലക്കാരെ ആരാധ്യരാക്കുന്നു.
കേരളത്തിലെ കത്തോലിക്കാ സഭാവിഭാഗവും അവരുടെ വചന പ്രഘോഷകരിലൂടെയും അഭിഷേകാഗ്നി തെളിക്കുന്നവരിലൂടെയും ഒക്കെ ആന്തരിക സൌഖ്യം പ്രദാനം ചെയ്യുന്നതിനു പകരം വിശ്വാസിയുടെ ബലഹീനതകളെ ചുഷണം ചെയ്യുകയല്ലേ എന്നു ശങ്കിക്കെണ്ടിയിരിക്കുന്നു.
ഹല്ലെലുയ്യയുടെയും ആര്‍പ്പുവിളികളുടെയും ശബ്ദകോലാഹലങ്ങളില്‍ മുഴുകി സ്വയം മറന്നു കാടിക്കൂട്ടുന്ന ചേഷ്ടകളും പുറപ്പെടുവിക്കുന്ന അപസ്വരങ്ങളും പരിശുധാല്മാവിന്റെ ആവാസമാണെന്നും മറു ഭാഷാ വരം തന്നില്‍ പ്രവര്‍ത്തിക്കുന്ന-താണെന്നുമൊക്കെ തെറ്റിധരിക്കുന്നവര്‍ ജീവിത യാഥാര്‍ത്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. സ്വന്തം പങ്കാളിയെയും മക്കളെയും മറന്ന് കുടുംബത്തോടും ജോലിയോടുമുള്ള ഉത്തരവാദിത്വങ്ങള്‍ മറന്ന് ഇറങ്ങി തിരിക്കുന്ന ഇവരിലൂടെ സൃഷ്ട്ടിക്കപ്പെടുന്നത് മതതീവ്രചിന്ത തന്നെ.
ദൈവേഷ്ടം നിറവേറ്റുവാനായി ഭീകരകൃത്യങ്ങളിലെര്‍പ്പ്ട്ടു സ്വയം മരണപ്പെട്ടാല്‍ നേരെ സ്വര്‍ഗത്തിലെത്തുമെന്നു വിസ്വസിക്കാത്തതുകൊണ്ടും ഏതു സ്വര്‍ഗം നല്‍കാമെന്നു പറഞ്ഞാലും സ്വന്തം സമ്പത്തും ഈ ലോക സുഖങ്ങളും ത്യജിക്കുവാന്‍ മാത്രം മണ്ടനല്ലാത്തതുകൊണ്ടും ജീവിതത്തോടുള്ള ആര്‍ത്തിയും കൊണ്ടു മാത്രമാണ് ഒരു മലയാളി ക്രിസ്ത്യാനിയും ഭീകരവാദിയാവാത്തത് .
പ്രത്യേക യോഗ്യതകളോ ഏതെങ്കിലും അധികാര കേന്ദ്രത്തോടു കടപ്പാടോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്ന വചനപ്രഘോഷകരെ സംശയ ദൃഷ്ടിയോടെ തന്നെ കാണേണ്ടിയിരിക്കുന്നു.
. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന കേരളത്തില്‍, അമ്മ-പെങ്ങന്മാരുടെ നഗ്നത വരെ സെല്‍ ഫോണിലൂടെ ഒപ്പിയെടുത്ത് ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിച്ചു കാശുണ്ടാക്കുന്ന ജോസഫു മാരും മത്തായിമാരുമുള്ള കേരളത്തില്‍, നിയമം വിലക്കിയിട്ടുള്ള റാഗിങ്ങിലൂടെ സഹപാഠികളെ കൊലചെയ്യുന്ന ചാക്കോമാരും പൌലോസുമാരുമുള്ള കേരളത്തില്‍, മദ്യപാനത്തില്‍ ലോക റിക്കാര്‍ഡിനു വേണ്ടി മത്സരിക്കുന്ന പഞ്ചായത്തുകളുള്ള കേരളത്തില്‍, അഴിമതിയില്‍ ലോകത്തെ നാലാം സ്ഥാനം അഭിമാനപൂര്‍വം കാത്തു സുക്ഷിക്കുന്ന ഇന്ത്യയില്‍ മാറ്റത്തിന്‍റെ - സന്മാര്‍ഗ ചിന്തയുടെ വിത്തു വിതയ്ക്കുവാന്‍ ശ്രമിക്കുന്നതിനു പകരം അവിടെ നിന്നും രക്ഷ പെട്ട് പോരുവാന്‍ ഭാഗ്യം ലഭിച്ച മഹാ പാപികളെ തേടി യൂറോപ്പിലെയ്ക്കും അമേരിക്കയിലേയ്ക്കും മാസത്തിലോരിക്കലെന്നോണം ഓടിയെത്തുന്ന ധ്യാനപ്രസംഗരെന്തേ സ്വന്തം ഗ്രാമങ്ങളില്‍ മാറ്റത്തിന്‍റെ വിത്തു വിതയ്ക്കുവാന്‍ തയാറാവാത്തത് . അപ്പോള്‍ നിങ്ങളുടെ ലക്‌ഷ്യം ആരെയും രക്ഷപെടുത്തലല്ല, സ്വയം രക്ഷപെടല്‍ മാത്രം.
മതങ്ങള്‍ സമൂഹത്തെ ധാര്‍മിക ചിന്തകള്‍ പഠിപ്പിച്ച് ഒരുമയോടെ ജീവിക്കുവാന്‍ പ്രാപ്തരാക്കട്ടെ. മനുഷ്യന്‍ ദൈവത്തോടു സംവദിക്കേണ്ടത് ഇടനിലക്കാരിലൂടെയല്ല. നിങ്ങളുടെ അറിവും പ്രാപ്തിയുമനുസരിച്ചു നിങ്ങളുടെ ഭാഷയില്‍ നിങ്ങള്‍ ദൈവത്തോടു പ്രാര്‍ത്തിക്കുക. മറ്റുള്ളവര്‍ ചൊല്ലിത്തരുന്ന കീര്‍ത്തനങ്ങള്‍ ഏറ്റു പാടുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ ആ കീര്‍ത്തനങ്ങള്‍ തെറ്റു കൂടാതെ ചൊല്ലുന്നതിലായിരിക്കും, നിങ്ങളുടെ ദൈവത്തിങ്കലായിരിക്കില്ല.
C Abraham