പൊതുയോഗങ്ങള്‍ `പെരുവഴിയില്‍

C. Abraham

 
 
വഴിയോരങ്ങളിലും നാല്കവലകളിലും പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ രാഷ്ട്രീയ ഗുരുക്കന്മാരെല്ലാം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. വിധി പറഞ്ഞ ജഡ്ജിയെ   ശുംഭനെന്നും ഇങ്ങനത്തെ  വിധി പ്രസ്താവനകള്‍ ജനനന്മക്കു ചെര്‍ന്നതല്ലെന്നുമൊക്കെ വിളിച്ചു പറയുമ്പോള്‍  ഇവരൊക്കെ പ്രതീക്ഷിക്കുന്ന ജനപിന്തുണ ഈ പ്രതിഷേധത്തിനുണ്ടോ  എന്നു ചിന്തിക്കുന്നതു നന്ന്.
വഴിയോരങ്ങളില്‍ യോഗം ചേരുക മിക്കവാറും അപ്രതീക്ഷിതമായിട്ടാണല്ലോ  . ഗതാഗതക്കുരുക്കുകള്‍ മുതല്‍ അപകടങ്ങള്‍ വരെ സംഭവിക്കുവാനുള്ള സാധ്യതയും പോതുജനങ്ങളുടെ സ്വസ്ഥതക്ക് ഭംഗം വരുന്നതുമൊന്നും  യോഗം ചേരുന്ന പാര്‍ട്ടികള്‍ക്കു പ്രശനമല്ല. കൈയില്‍ ഒരു മൈക്കു  കിട്ടിയാല്‍ എതിരാളിയെ തേജോവധം ചെയ്യാനായി   അറിയാവുന്ന ഭാഷാപരിജ്ഞാനം മുഴുവന്‍ ഉപയോഗിക്കുന്ന ഇവര്‍ക്ക് ഒരിക്കലെങ്കിലും തങ്ങള്‍ ചെയ്ത അല്ലെങ്കില്‍ ഇനി ചെയ്യാന്‍  പോകുന്ന നല്ല കാര്യങ്ങളെപ്പറ്റി ജനങ്ങളോട് പറയാനുണ്ടാവില്ല. . എതിരാളികള്‍ ചെയ്തതും ചെയ്യാത്തതുമായ  കുറ്റങ്ങളും അവര്‍ മൂലം  തങ്ങളുടെ ബൃഹുത്തായ പദ്ധതികള്‍  നടക്കാത്തതിലുള്ള   അമര്‍ഷവുമാണ് പ്രസംഗങ്ങളിലുടനീളം. മറ്റുള്ളവരെ അസഭ്യം  പറയാന്‍ പ്രത്യേക തയാറെടുപ്പുകളും പരിന്ജാനവുമൊന്നും ആവശ്യമില്ലല്ലോ.
 
നമ്മുടെ ദൈനംദിന ജിവിതത്തിലെ പല ദുശീലങ്ങളും ആധുനിക സംസ്ക്കാരത്തിനും ശുചിത്വത്തിനും ചേര്‍ന്നതല്ല എന്നു മനസ്സിലാക്കുവാന്‍  സാധിക്കണം,. വഴിവക്കില്‍ മുത്രമൊഴിക്കുന്നതും, നടക്കുന്ന വഴികളില്‍ തുപ്പുന്നതും, ചപ്പു ചവറുകളും, മൂക്ക് ചീറ്റിയ തൂവാലകള്‍,  മാലിന്യങ്ങള്‍ ഇവയൊക്കെ  നിരത്തുകളില്‍ തള്ളുന്നതും പല രാജ്യങ്ങളിലും ശിക്ഷാര്‍ഹാമാണ്. അതുപോലെ തന്നെ ശബ്ദമലിനീകരണവും മറ്റുള്ളവരുടെ സ്വസ്ഥത കെടുത്തും  വിധം ഉച്ചത്തില്‍ മൈക്കു  പ്രവര്‍ത്തിപ്പിക്കുന്നതും രാത്രി പത്തു മണിക്കു ശേഷം മൈക്കുപയൊഗിക്കുന്നതുമൊന്നും  വികസിത രാജ്യങ്ങളില്‍ അനുവദനീയമല്ല.
 
കേരളം വിദ്യാഭാസപരമായി ലോകത്തിന്റെ തന്നെ ഏറ്റവും  മുന്‍പന്തിയില്‍ നില്‍ക്കുമ്പോളും അതിനോടൊപ്പം വളര്‍ത്തേണ്ട  പല സംസ്കാരങ്ങളും  മനപുര്‍വ്വം നമ്മള്‍ മറന്നു കളയുന്നു. ചെറു പ്രായത്തില്‍ കുടുംബത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും  ശീലിക്കേണ്ട ശീലങ്ങളിൽ പരിശീലനം  ലഭിക്കാതിരിക്കുന്നത് സാംസ്കാരിക വളര്‍ച്ചക്ക് വിഘാതമാണ്.
 
കേരളത്തിന്റെ  ആധുനികവത്കരണത്തിന്   ഏറ്റവുമധികം  സംഭാവന നല്‍കുന്ന വിദേശ മലയാളികള്‍ക്കു പക്ഷെ ഈ ശീലങ്ങള്‍ അടിസ്ഥാനപരമായി  കേരള ജനതയുടെ  സ്വഭാവമാക്കി മാറ്റാന്‍ സാധിക്കയില്ല. അതിന്  നമ്മുടെ ഭരണാധികാരികള്‍ ഇടപെട്ടേ മതിയാവൂ. ഇവയൊക്കെ ഉള്‍ക്കൊള്ളാനുള്ള പ്രായപരിധി കഴിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ക്ക് ശുചിത്വസ്വഭാവങ്ങളും ആധുനിക രീതികളുടെ ആവശ്യകതയും സ്വയം ഉള്‍ക്കൊള്ളാന്‍ കഴിയാത്തപ്പോള്‍ അതു ജനങ്ങളിലെത്തിക്കാനും  സാധിക്കയില്ല.  ഇവിടെ ആവശ്യം രാഷ്ട്രീയ നേതൃത്വത്തിന്റെ ചിന്താഗതിയിലെ ആധുനികവത്കരണമാണ് .
 
 വിദേശ പര്യടനങ്ങള്‍  തരപ്പെടുത്തുമ്പോള്‍ അവിടങ്ങളിലെ രീതികളും സംസ്കാരവും കണ്ടു മനസ്സിലാക്കി അവയില്‍ നമുക്ക് ഉള്‍ക്കൊള്ളാനാവുന്നതും ആവശ്യമായതും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വ്യത്യാസങ്ങള്‍ താനേ സംഭവിച്ചു കൊളളും:
 
ഈ വിധിക്കെതിരെ ഇത്രയേറെ കോലാഹലങ്ങളും പ്രസ്താവനകളും നടന്നിട്ടും കേരളത്തിലെ സാംസ്കാരികനായകര്‍ക്കൊന്നും  പ്രതികരിക്കാനില്ല. കവല മൈക്കുകളിലുടെ വളര്‍ന്ന പ്രതിഭകള്‍ ആ അവസരം ഇളം തലമുറയ്ക്ക് നഴ്ടപ്പെടുന്നതോര്‍ത്തു  പരിതപിക്കുകയാവാം.
 
C .Abraham