വർഗ്ഗീസ് കുഞ്ഞാപ്പു
വനിതകൾക്ക് നിയമസഭയിലും പാർലമെന്റിലും സംവരണം എന്ന ആശയത്തിനു 35 വർഷത്തിലേറെ പഴക്കമുണ്ട്. 1974-ലെ ഇന്ത്യൻ പാർലമെന്റിൽ ഇതേക്കുറിച്ചു ഒരു പരാമർശമുണ്ടായപ്പോൾ ഒരു നിശ്ചിതശതമാനം സ്ത്രീകൾക്ക് ഭരണസിരാകേന്ദ്രങ്ങളിൽ സ്ഥാനം നൽകാൻ വ്യവസ്ഥ നൽകുന്ന ബില്ലിനേക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തി. പിന്നീട് ഇതേക്കുറിച്ചു പഠിച്ച സി.പി.ഐ-യുടെ എം. പി. ആയിരുന്ന ഗീതാ മുഖർജി റിപ്പോർട്ടു തയ്യാറാക്കി. 1993 - ൽ വനിതാസംവരണത്തിനു എതിരായി നിൽക്കുന്ന ഭരണഘടനയുടെ 73-74 വകുപ്പുകളിൽ ഭേദഗതി വരുത്തിയെങ്കിലും 33% സംവരണം എന്നത് പരാമർശിച്ചിരുന്നില്ല. 1996 - ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ദേവഗൗഡ സർക്കാർ വനിതാ സംവരണ ബിൽ ലോകസഭയിൽ അവതരിപ്പിച്ചെങ്കിലും പ്രാബല്യത്തിൽ വന്നില്ല. 1996 - ൽ വനിതാസംവരണത്തെക്കുറിച്ചു പഠിച്ച സമിതിയുടെ റിപ്പോർട്ട് ലോകസഭയുടെ മേശപ്പുറത്തു വച്ചു. 1998 ജൂൺ 26 നു വാജ്പേയിയുടെ എൻ. ഡി. എ. സർക്കാർ 84-)ം ഭരണഘടനാഭേദഗതി വരുത്തി. 12 - 13 ലോകസഭകളിൽ വനിതാബില്ലിനെക്കുറിച്ചു സമവായമില്ലാത്തതിനാൽ എൻ. ഡി. എ.
സർക്കാർ മൗനം പാലിച്ചു. 2004 - ൽ യു. പി. എ. മന്മോഹൻസിംഗ് സർക്കാർ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ വനിതാസംവരണം യാഥാർത്ഥ്യമാക്കുമെന്നു പ്രഖ്യാപിച്ചു. തുടർന്ന് 2008 മെയ് ആറിനു രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പാസാക്കാൻ കഴിയാത്തതിനാൽ നിയമകാര്യവകുപ്പ് കമ്മറ്റിക്കു വിട്ടു. 2009 ഡിസംബർ 17 -നു ഇരു സഭകളിലും ഈ ബിൽ മേശപ്പുറത്തു വച്ചു. എന്നാൽ യു.പി.എ.യിലെ ലല്ലു പ്രസാദ് യാദവ്, രാംവിലാസ് പസ്വാൻ മറ്റു പ്രാദേശിക കക്ഷികൾ മുതൽ പേരുടെ എതിർപ്പുമുഖേന ബില്ലു പാസാക്കാൻ കഴിഞ്ഞില്ല. 2-)ം യു. പി. എ. സർക്കാർ 2010 ഫെബ്രുവരി 22-നു പാർലമെന്റിൽ നയപ്രഖ്യാപനം നടത്തി. ഫെബ്രുവരി 25 - നു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയതോടെ വനിതാസംവരണം എന്ന ആശയം നാഴികക്ക ല്ല് ആയി. 2010 മാർച് 8-നു ഈ ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പാസായില്ല. തുടർന്ന് മാർച്ച് 9 നു രാജ്യസഭ ബിൽ പസ്സാക്കി. എന്നാൽ ലോകസഭയിലെ പല പ്രമുഖപ്രതിപക്ഷകക്ഷികളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് എല്ലാ കക്ഷികളുമായി സമവായമായതിനുശേഷം ലോകസഭയിലവതരിപ്പിക്കുവാൻ തീരുമാനിച്ചതു തന്നെ സ്വാഗതാർഹമാണു. ഇതിനായി യു. പി. എ. സർക്കാർ കരുക്കൾ നീക്കുന്നു. കലികാലയുഗമെന്നല്ലാതെ എന്തു പറയാൻ.
സ്രുഷ്ഠിപരമായിത്തന്നെ ഈ ബില്ല് അപ്രായോഗികമാണെന്നു പറയാതെ വയ്യ. പ്രകൃത്യാ തന്നെ സ്ത്രീകൾ ദുർബ്ബലരാ ണ്. സ്ത്രീ പുരുഷനു സമാമാവുകതന്നെ അസാധ്യമാണു. വ്യാപകമായ അർത്ഥത്തിൽ തന്നെ സംവരണം എന്ന ആശയം തെറ്റാ ണ്. അവസരസമത്വമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളാണ് ഉറപ്പു നൽകുന്നത്. ബില്ലു നടപ്പാക്കുക വഴി
ഭരണഘടനാലംഘനമാണു നടക്കാൻ പോകുന്നത്. എല്ലാ അവസ്ഥയിലും അവസരങ്ങളിലും സ്ത്രീകൾ സ്വമേധയാ പൊതുരംഗത്തു കടന്നുവരണം. ഒരു പുരുഷനും അതിനെതിരു നിൽക്കരുത്.
എന്നാൽ സംവരണത്തിൽകൂടിമാത്രമേ സ്ത്രീകളെ പൊതുരംഗത്തു കൊണ്ടുവരാനാകൂ എന്നു പറയുന്നത് ഒട്ടും ശരിയല്ല. ക്യാപിറ്റലിസത്തിന്റെ പക്ഷം പിടിച്ച് സിനികളിലും ടി.വി.യിലും, പരസ്യങ്ങളിലും മോഡലിങ്ങിലും, സൗന്ദര്യ മത്സരങ്ങളിലും എല്ലാം സ്ത്രീകൾ യഥേഷ്ടം കടന്നുവരുന്നുണ്ടല്ലൊ. ഭരണരംഗത്തു കടന്നുവന്നാൽ കനത്ത ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഭരണരാഷ്ട്രീയരംഗം സ്ത്രീകൾക്ക് അപ്രായോഗികമാണെന്നു വേണം കരുതാൻ. ഇപ്പോൾ തന്നെ പഞ്ചായത്തു-മുനിസിപ്പൽ-കോർപ്പറേഷൻ ജില്ലാതലങ്ങളിൽ വനിതാസംവരണം നടപ്പാക്കിയതിന്റെ ദോഷങ്ങൾ നാം നേരിട്ടനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഈയിടെ രാജസ്ഥാൻ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി സി. എസ്. രാജൻ 2010 മാർച്ച് 7-ന് പുറപ്പെടുവിച്ച ഉത്തരവിൽ വനിതാസംവരണത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളല്ലാതെ അവരുടെ ഭർത്താക്കന്മാരോ ബന്ധുക്കളോ നോമിനികളോ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇടപെടരുതെന്നും അല്ലാത്തവരെ സ്ഥാപനങ്ങളുടെ പരിസരത്തുപോലും കണ്ടുപോകരുതെന്നും ഉത്തരവ് ഇറക്കിയത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഒട്ടുമുക്കാലും സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതൊക്കെത്തന്നെ. നിരക്ഷരരും ദുർബലരുമായ സ്ത്രീകൾ സംവരണം മൂലം രഷ്ട്രീയത്തിലേക്കു കടന്നുവരുമ്പോൾ രാഷ്ട്രം തന്നെ ദുർബലമായേക്കാം. രാഷ്ട്രീയ ഉത്തരവാദിത്വബോധം ആരിലും കെട്ടിവയ്ക്കേണ്ടതില്ല. പിൻസീറ്റ് ഡ്രൈവിം ഗ് അപ്രായോഗികവുമാണ്. സ്ത്രീപക്ഷം എഴുത്തുകാരി പി. എസ്. നിർമ്മല ഈയിടെ പറയുകയുണ്ടായി, സംവരണം കൂടാതെ സ്ത്രീകൾ സ്വമേധയാ രഷ്ട്രീയരംഗത്തേക്കു കടന്നുവരണമായിരുന്നു, പുരുഷന്റെ ഭിക്ഷക്കുവേണ്ടി കാത്തുനിൽക്കേണ്ടിയിരുന്നില്ല എന്ന്. ജനാധിപത്യം ഏറ്റം ശക്തമെന്നുപറയുന്ന അമേരിക്കയിൽ പതിനേഴു ശതമാനം സ്ത്രീകൾ ഭരണ പ്രതിപക്ഷങ്ങളിലായി സ്വമേധയാ കടന്നുവന്നവരായുണ്ട്. സംവരണമില്ലാതെതന്നെ സ്വീഡനിൽ 47% ഉം ദക്ഷിണാഫ്രിക്കയിൽ 45% ഉം അയർലന്റിൽ 43% ഉം സ്ത്രീകൾ ഭരണരംഗത്തുണ്ട്. ഇവരെല്ലാം ഭരണനൈപുണ്യം തെളിയിക്കുന്നുമുണ്ട്. സ്വമേധയാ സ്ത്രീകൾ എല്ലാ രഗങ്ങളും കൈയ്യടക്കട്ടെ. ഇവരെ ആരെങ്കിലും എതിർക്കുന്നുണ്ടോ.
80% ഇന്ത്യക്കാരും സന്തുഷ്ടകുടുംബജീവിതം ആഗ്രഹിക്കുന്നവരാണ്. കുടുംബ സംസ്കാരത്തിന് ഇന്ത്യ ലോകത്തിനു മാതൃകയുമാണ്. അതുകൊണ്ടാണ് യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ കുടുംബവ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നതും. അതുകൊണ്ടുതന്നെ നാം സംശയിക്കേണ്ടിയിരിക്കുന്നു ഏതോ ക്ഷുദ്രശക്തികൾ നമ്മുടെ കുടുംബവ്യവസ്ഥിതിയുടെമേൽ വാളോങ്ങുന്നുവോ എന്ന്. നല്ല കുടുംബങ്ങളില്ലെങ്കിൽ നല്ല
സമൂഹമില്ല. നല്ല സംസ്കാരവുമില്ല. നല്ല കുടുംബ പശ്ചാത്തലമില്ലാത്തവർ കാട്ടിക്കൂട്ടുന്ന വിക്രിയകളൊക്കെ ആധുനികലോകം തിരിച്ചറിഞ്ഞിരിക്കുന്നു. 33% വനിതാസംവരണം നമ്മുടെ സംസ്കാരവുമായി എങ്ങനെ ഒത്തുപോകും? സ്ത്രീകൾ വീടും നാടും രാഷ്ട്രീയത്തിനായി മാറ്റിവച്ചാൽ അതു സാമൂഹിക വിപത്തുകളുണ്ടാക്കും. ഇതു തീർത്തും വസ്തുതാപരമാണ്. രാജ്യത്തിന് ഇതുകൊണ്ട് നേട്ടമൊന്നുമുണ്ടാകാനും പോകുന്നുമില്ല. സാമൂഹിക നിയമപ്രകാരം വീടിന് അകവും പുറവുമെന്നു രണ്ടായിത്തിരിച്ചാൽ വീടിനകം പെണ്ണീനും പുറം ലോകം ആണിനും എന്നാണു ഭാരത സങ്കൽ പ്പം. വീടിന്റെ വിളക്കാണു സ്ത്രീ. വീടിനുള്ളിലെ കുഞ്ഞുകുട്ടി പരാധീനങ്ങളുടെ പരിപാലനവും ക്ഷേമൈശ്വര്യങ്ങളും ഉറപ്പാക്കുകയും അളവില്ലാത്ത സ്നേഹം എപ്പോഴും എല്ലാവർക്കുമായി പകർന്നു നൽകുകയുമാണ് സ്ത്രീധർമ്മം.
നാടു ഭരിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം താങ്ങാൻ പുരുഷനേ കഴിയൂ. സ്നേഹം, കരുണ, അനുതാപം, ദുഃഖം, സഹതാപം, പ്രണയം, വത്സല്യം, സഹനം തുടങ്ങിയ വികാരങ്ങളുടെ സാമ്രാജ്യമായ കുടുംബത്തിലെ ചക്രവർത്തിനിയാണു സ്ത്രീ. യുക്തി, ചിന്ത, ധൈര്യം, സംഘബോധം, ക്രൂരത, കാമം, നേതൃത്വം തുടങ്ങിയ ഗുണങ്ങൾ നിറഞ്ഞ വിശാലമായ പുറം ലോകത്തിന്റെ രാജാവു പുരുഷനും. ഏതാണ്ട് എല്ലാ സമൂഹങ്ങളൂം യുഗയുഗാന്ധരങ്ങളായി കൈമാറി അംഗീകരിച്ചുപോരുന്ന പ്രമാണമാണിത്. വീടിനുപുറത്ത് സ്ത്രീകൾക്ക് തുല്യാവകാശം വേണമെന്ന് ആവശ്യപ്പെടുന്ന എല്ലാ സ്ത്രീകൾക്കും സ്ത്രീകളിൽനിന്നുതന്നെ അതിശക്തമായ എതിർപ്പുനേരിടേണ്ടിവരുന്നത് ഈ അവസ്ഥ കൊണ്ടാണ്. സ്വാതന്ത്ര്യം ജനാധിപത്യം, നിയമത്തിനു മുന്നിൽ തുല്യത, മനുഷ്യാവകാശങ്ങൾ, പൗരത്വം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഫ്രഞ്ചുവിപ്ലവത്തിനു തൊട്ടടുത്ത വർഷങ്ങളിൽ നടന്ന സജീവ ചർച്ചകളാണ്. വൈകാരികമായ കുടുംബ സങ്കല്പ്പത്തിന് വനിതാസംവരണം അതുകൊണ്ടുതന്നെ തടസ്സം നിൽക്കും.
വനിതാസംവരണത്തെക്കുറിച്ച് കെ. ആർ. ഗൗരിയമ്മ പറഞ്ഞത് ശ്രദ്ധേയമാണ്. 70 വർഷങ്ങൾക്കു മുൻപ് രാത്രി പത്തുമണി കഴിഞ്ഞാലും സ്ത്രീകൾക്ക് ഒറ്റക്കു വീട്ടിൽ വരാമായിരുന്നു. ഇന്നു സന്ധ്യ കഴിഞ്ഞാൽ സ്ത്രീ ഒറ്റക്കെങ്ങനെ പുറത്തിറങ്ങും? വനിതാസംവരണം വരിക വഴി എല്ലാ രഷ്ട്രീയ അഴിമതികളിലും സ്ത്രീകൾ പങ്കാളികളാകും.
വനിതാസംവരണത്തെക്കുറിച്ച് ഡോ. സുകുമാർ അഴിക്കോട് പ്രതികരിച്ചത് ശ്രദ്ധേയമാണ്. കുടുംബവും നടക്കാൻ പോകുന്നില്ല, പാർലമെന്റും നടക്കാൻ പോകുന്നില്ല എന്ന്.
പുരുഷന്റെ നിഴൽ മാത്രമാണു സ്ത്രീ. സ്ത്രീക്ക് സ്വന്തമായി അസ്തിത്വമില്ല. പ്രകൃതി തന്നെ സ്ത്രീയെ പുരുഷനു കീഴ്പ്പെടുത്തിയിരിക്കുന്നത് വെറുതെയല്ല. എന്നും ലോകത്തിനു മാതൃകയവേണ്ട ഇന്ത്യ ആരെയാണ് പിൻ തുടരുന്നത്. അന്താരാഷ്ട്ര ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നു സംശയിച്ചാൽ നിഷേധിക്കാനാകുമോ ? മതങ്ങൾക്ക് ഏറെ സ്വാധീനമുള്ള നാടാണ് ഇന്ത്യ. ഈയിടെ മുസ്ലിം സമുദായം 33% സംവരണമെന്നത് ജനാധിപത്യപരമല്ലെന്ന് പരസ്യമായി പറഞ്ഞു. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഈ ബില്ലിന് എതിരാണെന്നാണ് അവർ പറയുന്നത്. എല്ലാ മതങ്ങളും പുരുഷമേധാവിത്വം ഉറപ്പു നൽകുന്നുണ്ട്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ലോകത്തിൽ മറ്റൊരിടത്തും ഇല്ലാത്തവിധത്തിൽ സ്ത്രീകൾ ഒരുപാട് യാതനകൾ നമ്മുടെ നാട്ടിൽ അനുഭവിക്കുന്നുമുണ്ട്. അതെല്ലാം ഒറ്റയടിക്ക് സംവരണം കൊണ്ട് മാറ്റിയെടുക്കാമെന്ന് വിശ്വസിക്കാനും വയ്യ. സ്ത്രീകൾക്ക് പരിരക്ഷ ഉറപ്പുനൽകുന്ന നിരവധി നിയമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിന്റെയെല്ലാം പരിരക്ഷ ഉറപ്പാക്കാതെ വനിതാസംവരണം കൊണ്ട് ഇന്ത്യൻ സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാനാകില്ലെന്നുവേണം ചിന്തിക്കാൻ.
കഴിഞ്ഞ 10-15 കൊല്ലമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ത്രിതല പഞ്ചായത്തുകളിൽ 33% സംവരണം ഏർപ്പെടുത്തിയതു് ഇറ്റിനൊരുദാഹരണമാണ്. മൻ മോഹൻസിംഗിന്റെ രണ്ടാമൂഴത്തോടെ അത് 50% ആയി ഉയർത്തി. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ നിയമസഭകളിലും പാർലമെന്റിലും സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തുമെന്ന് അവർ പ്രകടനപത്രികയും ഇറക്കി.
സാധാരണ രാഷ്ട്രീയക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ തെരഞ്ഞെടുപ്പു കഴിയുമ്പോൾ മറക്കാറാണു പതിവ്. നമ്മുടെ മുൻ പ്രധാനമന്ത്രി രജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തണമെന്നത്. ഇന്ത്യൻ ജനതയുടെ വീരനായകരാണ് നെഹൃ കുടുംബം എന്നും. ശ്രീമതി സോണിയാ ഗാന്ധിയാവട്ടെ ഈ ബില്ല് നിയമമാക്കാതെ വിശ്രമമില്ല എന്ന തീരുമാനത്തിലും. കോൺഗ്രസിനെ ശക്തിപ്പെടുത്തി നിലനിർത്തേണ്ടത് കോൺഗ്രസ് അദ്ധ്യക്ഷ എന്ന നിലയിൽ സോണിയാഗാന്ധിയുടെ കൂടി ആവശ്യമാണ്. കോൺഗ്രസ് അനുദിനം ദുർബ്ബലമായിക്കൊണ്ടിരിക്കുന്നു. രണ്ടു പതിറ്റാണ്ടുകളിലേറെയായി സംസ്ഥാനങ്ങളിൽ പകുതിയിലേറെ കോൺഗ്രസ് ഇതര കക്ഷികൾ കയ്യാളുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളായ യു.പി.യും ബീഹാറും കോൺഗ്രസ് പക്ഷത്തുമില്ല പ്രതിപക്ഷപക്ഷത്തുമില്ല. കോൺഗ്രസിന്റെ
കോട്ടകൊത്തളങ്ങളായിരുന്ന പല സംസ്ഥാനങ്ങളും ഇന്നവർക്ക് ബാലികേറാമലയാണ്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളില്ലാതെ മത്സരിക്കാനാവത്ത സ്ഥിതിയാണവർക്ക്. പ്രതിപക്ഷ പാർട്ടികൾ സംഘടിച്ചാൽ കോൺഗ്രസിനെ കേന്ദ്രത്തിൽ താഴെയിറക്കാമെന്ന് പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രതിപക്ഷത്തെ തകർക്കാതെ കോൺഗ്രസിന് രക്ഷയില്ലെന്ന സ്ഥിതി. വനിതാ സംവരണ ബിൽ വഴി പ്രതിപക്ഷത്തെ തമ്മിൽ തല്ലിക്കാനായി എന്നത് കോൺഗ്രസിന്റെ നേട്ടം. പക്ഷേപ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കാവൽഭടന്മാർ എന്ന വസ്തുത മറക്കാതിരിക്കുക.
രാജ്യസഭയിലും ലോകസഭയിലും ഈ ബില്ലിനെച്ചൊല്ലിയുണ്ടായ നാണക്കേടുകൾ ഒരു ജനാധിപത്യരാജ്യത്തിനും ഭൂഷണമല്ല. വളരെയേറെ തരം താഴ്ന്ന വിധത്തിലാണ് പല പ്രതിപക്ഷപാർട്ടികളും പാർലമെന്റിൽ രംഗങ്ങൾ സൃഷ്ഠിച്ചത്. ബിൽ നിയമമാക്കുന്നതിനു മുൻപ് അതു കുറ്റമറ്റതാക്കാൻ വേണ്ട കൂടിയാലോചനകൾ നടത്തേണ്ടത് അത്യന്താപക്ഷിതമാണ്.
രാഷ്ട്രീയവും സാമൂഹികവുമായ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ബിൽ ഇത്ര തിടുക്കത്തിൽ പാസാക്കിയെടുക്കുവാൻ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികൾ എന്തിനു തിടുക്കം കൂട്ടുന്നു? കേവല ഭൂരിപക്ഷം യു.പി.എ. സർക്കാരിനുണ്ടെങ്കിലും പല നിർണ്ണായക ബില്ലുകളും പാസാക്കാൻ ഉള്ളതുകൊണ്ട് എല്ലാ കക്ഷികളുമായി സമവായം ഉണ്ടാക്കാൻ സോണിയാഗാന്ധിയുടെ നേതൃത്വം എടുത്ത തീരുമാനം വിവേകപൂർവ്വം തന്നെ.
യു.പി.എ. ബില്ലിനെ അനുകൂലിക്കുമ്പോൾ ഈ ബില്ലിനെ എതിർക്കാൻ പറ്റാത്തതിന്റെ നാണക്കേട് ബി.ജെ.പി. മറച്ചുപിടിക്കുന്നില്ല. ഇന്ത്യയിലെ ഇടതുപക്ഷപാർട്ടികൾ വനിതാസംവരണബില്ലിനെ അർദ്ധവിപ്ലവമായിട്ടാണു കണ്ടത്. അതുകൊണ്ടുതന്നെ കോൺഗ്രസിനു മുൻപേ ഇടതു വിപ്ലവപാർട്ടികൾ ബില്ലിനനുകൂലമായി പച്ചക്കൊടി കാട്ടി.
ന്യൂഡൽഹി എന്നു കേട്ടാൽ അതു വനിതകൾ കയ്യടക്കിയിരിക്കുന്നു. രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പ്രഥമ വനിത. പ്രധാനമന്ത്രിയെയും കോൺഗ്രസിനെയും നിയന്ത്രിക്കാൻ കഴിവുള്ള സോണിയാ ഗാന്ധി യു.പി.എ. അദ്ധ്യക്ഷ. ജഗജീവൻ റാമിന്റെ പുത്രി മിരാ കുമാര് ലോകസഭാ സ്പീക്കർ, പ്രതിപക്ഷനേതാവ് സുഷമാസ്വരാജ്, വിദേശകാര്യസെക്രട്ടറി നിരുപമാറാവു, ഡൽഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും ഷീലാ ദീക്ഷിത്, തൊട്ടടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ദളിത് നേതാവു കൂടെയായ മായാവതി. പിന്നെന്തുവേണം സ്ത്രീകൾക്ക്.
ലോകം അത്യധികം നിർണ്ണായകമായ ഒരു കാലഘട്ടത്തിൽകൂടിയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മരിച്ചുപോയ ജോൺ പോൾ 2-)മൻ മാർപ്പാപ്പ പറഞ്ഞതുപോലെ ലക്ഷ്യബോധമില്ലാത്ത, ധാർമ്മികമൂല്യങ്ങൾ പാലിക്കാത്ത യുവതലമുറയെയാണ് ലോകം ഇന്നഭിമുഖീകരിക്കുന്നത്. എക്കാലത്തെയും വെല്ലുന്ന ആഗോള സാമ്പത്തിക ഭീതി,
കാലാവസ്ഥാവ്യതിയാനം, രാജ്യാന്തര തീവ്രവാദം, പ്രാദേശികവാദം, വർഗ്ഗീയവാദം ഇവയൊക്കെ മൂലം ഇന്ത്യ എക്കാലത്തെയും അതിശക്തമായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ശക്തമായ മാവോയിസ്റ്റ് ഭീഷണി, 2050 - ൽ കേന്ദ്രം പിടിക്കാൻ അവർ പദ്ധറ്റിയിട്ടുകഴിഞ്ഞു. അയൽ രാജ്യങ്ങളുമായി നമ്മൾ നല്ല ബന്ധത്തിലല്ല. 240 വർഷക്കാലം രാജഭരണം നിലനിന്ന ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളിൽ രാജകൊട്ടാരത്തിന്റെ മേൽ ചെങ്കൊടി പാറുന്നു. വിലക്കയറ്റവും കടക്കെണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്. കർഷകർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ആണവ-ആസിയൻ കരാറുകൾ ഉയർത്തുന്ന വെല്ലുവിളികൾ മറുവശത്ത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഇപ്പോൾ വനിതാബിൽ എടുത്ത് പയറ്റുന്നതെന്ന് കരുതുന്നതിൽ തെറ്റുണ്ടോ.
വനിതാസംവരണം വന്നാൽ ഇന്റ്യൻ രഷ്ട്രീയത്തിലെ അഴിമതി തടയാനവുമെന്നാണ് മറ്റൊരു വാദം. ഒരു വ്യാഴവട്ടക്കാലം നാട് അടക്കിഭരിച്ച ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്ത് അഴിമതികൾ ഇല്ലായിരുന്നുവോ? 1977-ൽ ജനതാസർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. സി. ഷാ കമ്മീഷൻ മുൻപാകെ നാഗർവാലാ കൊലക്കേസ് ഉൾപ്പെടെ എത്രയെത്ര കുറ്റങ്ങളാണുന്നയിക്കപ്പെട്ടത്.
യു.പി.യിലെ ദളിത് നേതാവ് മായാവതിയുടെ അഴിമതിക്കഥകളോ? താജ് ഇടനാഴി കേസ്, 200 കോടി മുടക്കി സ്വന്തം ജന്മദിനാഘോഷം, നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തം പ്രതിമാനിർമ്മാണത്തിനായി ആയിരക്കണക്കിനു കോടികൾ. ഈയിടെ മായാവതിയുടെ കഴുത്തിൽ വീണ നോട്ടുമാലയിൽ 20 കോടി ഉണ്ടായിരുന്നെന്ന്. ആദായനികുതിവകുപ്പ് കേസന്വേഷിച്ചുവരുന്നതേയുള്ളു. ഇതെല്ലാം ഫിലിപ്പൈൻസിന്റെ മുൻ പ്രസിഡന്റ് മാർക്കോസിന്റെ ഭാര്യ ഇമെൽഡയെപ്പോലും നണിപ്പിച്ചിരിക്കും. എം.ജി.ആറിന്റെ ഉദയകനി തമിഴ്നാടു ഭരിച്ചതെങ്ങനെയെന്നു നമുക്കെല്ലാമറിയുന്നതാണല്ലോ. ബീഹാറിൽ റാബ്രിദേവി മുഖ്യമന്ത്രിയായപ്പോൾ പ്രസവിക്കാനും പാലുകറക്കുവാനും മാത്രമേ ആ സ്ത്രീക്കറിവുള്ളുവെന്ന് പത്രങ്ങളൊക്കെ എഴുതി. ഏതായാലും നിയമസഭയിലോ പുറത്തോ അവർ എന്തെങ്കിലും പറഞ്ഞതായി അറിവില്ല.
പ്രശസ്ത് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയിയുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ നേതൃത്വം പൂർണ്ണമായി സോണിയാഗാന്ധിയുടെ കൈയിലായതുകൊണ്ട് ഈ നീക്കം ഏകാധിപത്യ പ്രവണതയിലേക്കു നയിക്കില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
വനിതാസംവരണം കൊണ്ട് യഥാർത്ഥത്തിൽ ഗുണം കിട്ടണമെങ്കിൽ ബിൽ കുറ്റമറ്റതാകണം. എല്ലാ പാർട്ടികളുമായി നല്ല ധാരണയിൽ എത്തണം. എല്ലാവർക്കും തുറന്നുപറയുവനുള്ള അവസരം നൽകണം. ഇപ്പോൽ തന്നെ ന്യൂനപക്ഷങ്ങൾക്കും പിന്നോക്കക്കാർക്കും ബില്ലിൽ സംവരണം വ്യവസ്ഥചെയ്യണമെന്നു വാദിക്കുന്നവരുണ്ട്.
രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വനിത എന്ന നിലയിൽ മനേക ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. നേതാക്കന്മാരുടെ ഭാര്യമാരെയും, വാലാട്ടികളായ മറ്റു സ്ത്രീകളെയും സഭകളിൽ എത്തിക്കാനേ ഈ നിയമം ഉപകരിക്കൂ എന്ന്. വിധവയും വീട്ടമ്മയുമായ അവർ വനിതകളുടെ ഉന്നമനത്തിന് ഈ ബിൽ സഹായകമാവില്ലെന്ന് കൂട്ടിച്ചേർത്തു.
ചെറുപ്പക്കാരായ എം.പി.മാർ പാർലമെന്റിൽ പെണ്ണുങ്ങളുടെ വായ്നോക്കികളാകും എന്നാണ് മുലായംസിംഗ് യാദവ് പരിഹസിച്ചത്. വായ്നോക്കുന്ന കര്യത്തിൽ വയസന്മാരുടെ രസതന്ത്രം അദ്ദേഹത്തിനറിവില്ലെന്നു വേണം കരുതാൻ.
വനിതാസംവരണബില്ലിനെ എതിർത്ത ലല്ലുപ്രസാദ് യാദവിനോട് 6 പെൺ മക്കൾ ഉണ്ട് താങ്കൾക്കെന്ന് മറക്കരുതെന്ന് കോൺഗസദ്ധ്യക്ഷ ഓർമ്മിപ്പിച്ചത്രേ. ബിൽ രാജ്യസഭയിൽ പാസാക്കിയ ദിവസം കാത്തുനിന്ന മാധ്യമപ്രവർത്തകരോടായി തന്റെ സന്ദേശമായി സോണിയജി പറഞ്ഞത്രേ പത്രപ്രവർത്തനം മതിയാക്കൂ രാഷ്ട്രീയത്തിൽ പ്രവേശിക്കൂ എന്ന്.
ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾക്ക് അത്മാർത്ഥതയുണ്ടെങ്കിൽ നിയമം കൊണ്ടുവരാതെ സ്ത്രീകൾക്ക് ഒരു നിശ്ചിത ശതമാനം സീറ്റുനൽകി മത്സരിപ്പിച്ചു വിജയിപ്പിക്കട്ടെ. സംവരണത്തിലൂടെമാത്രമേ സ്ത്രീകളെ പാർലമെന്റിൽ എത്തിക്കൂ എന്നു ശഠിക്കേണ്ടതില്ല.