ചുംബനസമരത്തിന്റെ കാണാപ്പുറങ്ങൾ


C.Abraham 
 കോഴിക്കോട്ടൊരു കാപ്പിക്കടയിൽ കമിതാക്കൾക്ക് സ്വൈരസല്ലാപത്തിന് അവസരമൊരുക്കിയതാണ് കാപ്പിക്കട തല്ലിത്തകർക്കുവാനും പാർട്ടി തിരിഞ്ഞ് തങ്ങൾ  പ്രതിനിധീകരിക്കുന്ന സദാചാര മൂല്യങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും കാരണമായത്‌. കാപ്പിക്കട ആക്രമിക്കപ്പെട്ടത് കമിതാക്കൊളോടുള്ള വിരോധം കൊണ്ടല്ല പ്രത്യുത അവിടെ കച്ചവടം പൊടിപൊടിക്കുന്നതിലുള്ള അസൂയ കൊണ്ടെന്ന് പിന്നാമ്പുറ സംസാരം! നിജസ്ഥിതി എന്തുതന്നെ ആയിരുന്നാലും പരിണിത ഫലമായി നമുക്കൊരു പുതിയ സമര രീതിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കയാണ്. 

പൊതുജനമധ്യത്തിൽ ചുംബനം പോലുള്ള സ്നേഹപ്രകടനങ്ങൾ നമ്മുടെ സമൂഹം എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് വിചിന്തനം ചെയ്യുമ്പോൾ രസകരമായ ഉത്തരങ്ങളാണ് നമുക്കു ലഭിക്കുന്നത്.

 ആണിനെയും പെണ്ണിനെയും അവർ ഏതു പ്രായത്തിലുള്ളവരുമായിക്കൊള്ളട്ടെ ഒരുമിച്ചുകണ്ടാൽ, സംശയദൃഷ്ടിയോടെ,സദാചാര വിരുദ്ധരായി കാണാനാണ് സമൂഹത്തിനിഷ്ട്ടം. ഈ സദാചാര കാഴ്ചപ്പാടിൽ വിവിധ പാർട്ടികൾക്കും പോലീസിനും ഭരണവർഗത്തിനും പ്രതിപക്ഷത്തിനും വരെ തനതായ അജണ്ടയുമുണ്ട്. എന്നാൽ ഇവരെല്ലാം ഒത്തുകൂ ടു ന്ന സിനിമാ തിയേറ്ററു കളിലും കുടുംബസദസ്സിലും ചുംബനരംഗങ്ങളും സ്നേഹപ്രകടനവും അതിന്റെ പരമാവധി നഗ്നതയിൽ ആസ്വദിക്കുമ്പോൾ ഈ സദാചാരബോധം ആരെയും അലട്ടാറില്ല.

 ലിപ് ലോക്ക് സംസ്കാരം പാശ്ചാത്യ മെന്നു പറയുന്നെങ്കിലും അതിന്റെ സുഖമറിഞ്ഞവർ ഇന്നതിനെ നമ്മുടെ സംസ്കാരത്തിലേയ്ക്ക് ചേർത്തുവച്ചു എന്നതാണ് യാഥാർത്ഥ്യം. നായികാ നായകന്മാരുടെ ലിപ് ലോക്ക് പരസ്യങ്ങൾ കൊണ്ടു  മാത്രം കളക് ഷൻ കോടികൾ കടക്കുന്ന സിനിമകളുണ്ട്. ഇങ്ങനത്തെ സിനിമകൾ നിരോധിക്കപ്പെടുകയോ തിയേറ്ററുകൾ തകർക്കപ്പെടുകയോ ചെയ്യുന്നില്ല. കഥപറച്ചിലിന്റെ ഒഴുക്കിൽ കഥാപാത്രപാത്രങ്ങൾക്ക് ആവശ്യമെങ്കിൽ ചുംബനരംഗങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ  അങ്ങിനെയൊരു സാഹചര്യംകൃത്രിമമായി  സൃഷ്ട്ടിച്ച് ചുംബനരഗങ്ങൾ ആവിഷ്കരിക്കപ്പെടുന്നു
.
കഥാപാത്രങ്ങൾ ഇവിടെ യുവത്വമാണ്, കാമുകീ കാമുകന്മാരാണ് . അവരുടെ സ്വൈര സല്ലാപങ്ങളെ തികച്ചും അവരുടെ വ്യക്തിസ്വാതന്ത്ര്യമായും സ്വകാര്യതയായും കാണുവാനും അംഗീകരിക്കുവാനും സാധിക്കണം. കൊച്ചിയിലും,ഹൈദ്രാബാദിലും,ഡൽഹിയിലും ഒക്കെ അരങ്ങേറിയ ചുംബനസമരങ്ങളിൽ ചുംബനങ്ങൾ വിരളമായിരുന്നെങ്കിലും ആ സമരങ്ങളെ യുവത്വത്തിന്റെ പ്രതീകാത്മകമായ പ്രതിഷേധമായി കാണണം. അവരുടെ വീർപ്പുമുട്ടലിൽ നിന്നാണ് ആ സമരം രൂപം കൊണ്ടത്‌.

 ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും അനുഭവപ്പെടാത്ത വീർപ്പുമുട്ടലാ ണ് കേരളത്തിലെ യുവത്വം അനുഭവിക്കുന്നത്. അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽ പ്പിക്കുന്നതിലൂ ടെ അവരുടെ വ്യക്തിത്വ വികസനം വരെ വികലമാക്കപ്പെടുന്നു. പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ സല്ലപിക്കുന്നതും ഉമ്മ വയ്ക്കുന്നതും കെട്ടിപ്പിടിച്ചു നടക്കുന്നതുമൊക്കെ സാധാരണമാണെന്ന് നമ്മുടെ സംസ്കാരത്തിലും എഴുതിച്ചേർക്കണം.

 മക്കളുടെ മുൻപിൽ വച്ചുള്ള മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾ പാശ്ചാത്യ സംസ്കാരത്തിൽ സാധാരണമാണ്. സ്നേഹത്തിൽ ഒന്നിച്ചിരിക്കുന്ന കുടുംബത്തിലെ ജീവിതം കുട്ടികൾക്ക് സുരക്ഷിതത്വ ബോധം നല്കുന്നു. അതുപോലെ തന്നെ കൌമാര പ്രായക്കാരായ കുട്ടികൾ തങ്ങളുടെ സുഹൃത്തുമായി വീട്ടിൽ ചെല്ലുന്നതും,ഒന്നിച്ചിടപഴകുന്നതും അവിടെ ആർക്കും പുതുമയല്ല.ഭാരത സംസ്കാരത്തിൽ നിന്നും അടിച്ചു മാറ്റി കാമ സൂത്രത്തിലെ അനന്ത സാധ്യതകൾ പ്രാവർത്തികമാക്കി സായിപ്പന്മാർ ജീവിതമാസ്വദിക്കുമ്പോൾ പുരുഷനും സ്ത്രീയും ഒന്നിച്ചു ശയിക്കുമ്പോളാണ് സൃഷ്ടികർമം  നടക്കുന്നതെന്നു തുറന്നു പറയാൻ പോലും നമ്മുടെ സദാചാരബോധം സമ്മതിക്കുന്നില്ല.

 സംശയം ചോദിക്കുന്ന കുട്ടിയോ ട് അമ്മയുടെ വയറ്റിൽ വളരുന്നത്‌ ദൈവഹിതമെന്നു പറഞ്ഞൊഴിയാനാണ് നമുക്കിഷ്ടം.

ഈ പുതിയ സമര രീതിയിലൂടെ ഒരു പറ്റം യുവതീ യുവാക്കൾ സ്നേഹിക്കുവാനും സ്നേഹം പ്രകടിപ്പിക്കുവാ നുമുളള സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ മറ്റൊരു കൂട്ടർ പഴമയുടെ കെട്ടുപാടുകളിലും സംസ്കാര പാരമ്പര്യത്തിലും മറഞ്ഞിരുന്ന് അവർക്കെതിരെ രംഗത്തു വരുന്നത് വിരോധാഭാസം തന്നെ. ഇവിടെയാണ്‌ നമ്മുടെ കപട സദാചാര ചിന്ത ഒളിഞ്ഞിരിക്കുന്നത്. ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്നവർ മറ്റുള്ളവരെ സ്വതന്ത്രമായി സല്ലപിക്കുവാൻ അനുവദിക്കുന്നവരൊ അതിനെതിരെ രംഗത്തു വരുന്നവർ തങ്ങളുടെ സ്വകാര്യതകളിൽ മറ്റുള്ളവരുടെ ഇടപെടൽ  കാംക്ഷിക്കുന്നവരോ അല്ല. മറിച്ച് സ്വന്തം സ്വകാര്യതകളിൽ മറ്റുള്ളവർ ഇടപെടരുതെന്നും  മറ്റുള്ളവർക്ക് സ്വകാര്യതകൾ ഉണ്ടായി ക്കൂ ടെന്നും ശഠിക്കുന്നവരാണ്. ഈ ചിന്താഗതിയാണ് മാറേണ്ടിയിരിക്കുന്നത്.കേരളത്തിലെ യുവത്വത്തിന്റെ സ്വാതത്ര്യത്തിലേയ്ക്കുള്ള ചുവടുവയ്പാണ് ഈ ചുംബനസമരമെങ്കിൽ  `` അഭിവാദനങ്ങൾ ``