മണി മുഴക്കം .


ടി. പി  ചന്ദ്രശേഖരന്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. 51 വെട്ടുകള്‍ ഒരു മനുഷ്യ മുഖത്തെ വികൃതമാക്കി ജീവനപഹരിച്ചപ്പോള്‍ ഇങ്ങനെയൊരു പൈശാചികകൃത്യം ചെയ്യുവാന്‍ മാത്രം നീചമനസ്സുകള്‍ , അവരെ അതിനു പ്രേരിപ്പിക്കുന്ന-അവരോടു അതിനു  ആഹ്വാനം ചെയ്യുന്ന ഒരു രാഷ്ട്രിയ പാര്‍ട്ടി നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം, നാമോരോരുത്തരും  ഉള്‍പ്പെടുന്നതാണ്  ഈ സമുഹമെന്ന യാഥാര്‍ത്ഥ്യം നമ്മെ  അസ്വസ്തരാക്കെണ്ടാതാണ്.

ഈ ഭീകര കൊലപാതകത്തിനെതിരെ സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കുന്നില്ല എന്ന മാധ്യമങ്ങളുടെ മുറവിളി കേട്ട് അവരില്‍ പലരും നിസംഗതയോടെ പ്രതികരിച്ചു. ഞങ്ങള്‍ എഴുത്തുകാര്‍ക്കിതില്‍  കാര്യമില്ലെന്നും, ഞങ്ങള്‍ പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നും എഴുതാന്‍ പേടിയാണെന്നും,അമ്മ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചത് അമ്മയെ വേദനിപ്പിച്ചെന്നും ഇങ്ങനെയൊന്നും നമ്മുടെ സമുഹത്തില്‍ സംഭവിക്കരുതായിരുന്നെന്നും  ഒക്കെ പറഞ്ഞ് ഒരു പറ്റം നായകര്‍ അരങ്ങൊഴിയുമ്പോള്‍ മറുവശത്ത്‌ ഈ കൊലപാതകത്തെ ന്യായികരിക്കുവാന്‍ മറ്റു ചിലരും പാടുപെടുന്നുണ്ട് .
എം കെ രാഘവന്റെ ഭാര്യ ചന്ദ്രശേഖരന്റെ ഭാര്യ  രമക്കെഴുതിയ സാന്ത്വനക്കുറിപ്പും വളരെ വിചിത്രം.

ചന്ദ്രശേഖരനെ വധിക്കുക മാത്രമായിരുന്നു ഉധേശ്യമെങ്കില്‍  അതിനു മുഖത്തേല്പ്പിച്ച  51 വെട്ടുകളുടെ ആവശ്യമില്ലായിരുന്നു. ഒന്നല്ലെങ്കില്‍ രണ്ടു വെട്ടുകള്‍ കൊണ്ട് സാമാന്യം മാന്യമായിത്തന്നെ കൊല നടത്താമായിരുന്നു. എന്നാല്‍ ഈ കൊലയുടെ ഉദ്ദേശ്യങ്ങള്‍ പലതായിരുന്നു. ഒന്ന് ചന്ദ്രശേഖരനെ ഇല്ലാതാക്കുക, മറ്റൊന്ന് നേതൃത്വത്തെ ധിക്കരിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കുക, അവരുടെ അന്ത്യം എത്രമാത്രം ഭീകരമായിരിക്കുമെന്ന്.

ഇതെല്ലാം സാധ്യമാവുന്നത് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയപകപോക്കലെന്ന ആനുകുല്യം നല്‍കി കൊലയാളിക്ക് ആദര്‍ശ സംരക്ഷണത്തിനുവേണ്ടി വേണ്ടി ചെയ്ത കൊലയുടെ പേരില്‍ താരപരിവേഷവും സംരക്ഷണവും നല്‍കി അഥവാ ശിക്ഷിക്കപ്പെട്ടാല്‍  പുറത്തു കഴിയുന്നതിലും സുഖസൌകര്യങ്ങള്‍  ജയിലിനുള്ളില്‍ നല്‍കി സംരക്ഷിക്കുന്നതുകൊണ്ടാണ്. ഒന്നിലധികം കൊലക്കുറ്റങ്ങള്‍  ആരോപിക്കപ്പെട്ടിടുള്ള കൊടി സുനുവും രാജേഷും കുഞ്ഞനതന്മാരുമൊക്കെ തങ്ങള്‍ കൊലപ്പെടുത്തിയവരുടെ മക്കളുടെയും ബന്ധുക്കളുടെയും മുന്നിലുടെ സമൂഹത്തില്‍  സര്‍വസ്വതന്ത്രരായി വിലസുമ്പോള്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ആളെ കിട്ടുവാനും എളുപ്പമാവുന്നു.

ഇതെല്ലാം കേരളസമുഹത്തിന്റെ ധാര്‍മികമായ അധപതനത്തെയാണ്  കാണിക്കുന്നത്. ഒരു ജനാധിപത്യത്തില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്തകളെ അനുസരിക്കുവാനും നിയമങ്ങള്‍ക്കു സ്വയം വിധേയനാകുവാനും  വ്യക്തികള്‍ തയാറില്ലാത്തിടത്തോളം കാലം, നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്ത്വാന്‍ നിയമപാലകര്‍ക്ക് കഴിയ്യാതെ വരുമ്പോള്‍ അവിടെ ആരാജകത്വമായിരിക്കും നിലനില്‍ക്കുക. ഇതു കണ്ടിട്ടാവണം അഭ്രപാളികളിലൂടെ ഭരണവര്‍ഗത്തിന്റെയും  അധികാരസ്രോതസ്സുകളുടെയും അനീതികള്‍ക്കെതിരെ തീപ്പൊരി ഡയലോഗുകള്‍ തൊടുത്ത  സുരേഷ് ഗോപി കേരളത്തില്‍ ആരുടേയും ജീവന്‍ സുരക്ഷിതമല്ല എന്നു പറഞ്ഞത്.

ദൈവത്തിന്റെ  സ്വന്തം നാടെന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും സാക്ഷര സമുഹമെന്ന് അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനം ഇത്തരം പൈശാശിക ശക്തികളുടെ  കൈപ്പിടിയിലൊതുങ്ങുന്നത്  നിസംഗതയോടെ  നാം കണ്ടു നില്‍ക്കേണ്ടതുണ്ടോ. ?

അധികാരമോഹികളായ രാഷ്ട്രീയനേതാക്കള്‍ തങ്ങളുടെ നിലനില്പിനുവേണ്ടി രാഷ്ട്രീയപ്രതിയോഗികളെയും ആശയവൈരുധ്യങ്ങളെയും  ഗുണ്ടായിസത്തിലൂടെ ഉന്മൂലനം ചെയ്യുന്നത് നാം അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ. ?

രാഷ്ട്രീയ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കല്പിച്ചുകൊടുത്തിട്ടുള്ള പ്രത്യേക പരിഗണനകള്‍ നീതിയുക്തമാണോ ?

ഒരിക്കലുമില്ല.

ഇങ്ങനത്തെ ഒരു സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നും നമ്മുടെ നാടിനു മോചനം നല്‍കിയേ പറ്റു. കൊലപാതക രാഷ്ട്രീയത്തില്‍  നിന്നും കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ഭീകരവാദത്തില്‍ നിന്നുമൊക്കെ സ്വതന്ത്രരായി നിര്‍ഭയം  ജീവിക്കുവാനും ചിന്തിക്കുവാനും  അഭിപ്രായപ്രകടനങ്ങള്‍ നടത്തുവാനും ഒരു സാധാരണ  പൌരനു സാധ്യാമാകണം.

അതിനുള്ള ഒരേയൊരു മാര്‍ഗം നിയമപാലകരെ രാഷ്ട്രീയ വിമുക്തരാക്കി അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അവസരമൊരുക്കുക എന്നതു മാത്രമാണ്.

 ഇന്ത്യയിലെ- കേരളത്തിലെ നിയമപാലകര്‍ ലോകത്തിലെ മറ്റേതൊരു സേനയോടും കിടപിടിക്കുവാന്‍ മാത്രം മികവുറ്റവരാണെന്നതു,   തെളിയിക്കപ്പെടുന്ന അതിസങ്കീര്‍ണമായ കേസുകളും അതിന്റെ വേഗതയും നമ്മെ മനസ്സിലാക്കുന്നു  .
എന്നാല്‍ കുറ്റവാളികള്‍ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം  ശിക്ഷിക്കപ്പെടാതെ പോകുമ്പോള്‍ ജയിലുകളിലെത്തുന്ന  കുറ്റവാളികള്‍ക്ക് രാഷ്ട്രീയ പരിഗണനകള്‍ വച്ചു സുഖവാസം അനുവദിക്കുമ്പോള്‍ കുറ്റം തെളിയിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്പില്‍ കൊണ്ടുവരികയും ചെയ്തവരെയും   നിയമസംവിധാനത്തെയും  മുഴുവന്‍ ഇളിഭ്യരാക്കുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ എന്നും രാഷ്ട്രീയ കൊലപാതകങ്ങ ളെന്നുമുള്ള  പ്രയോഗങ്ങള്‍ തന്നെ തത്വത്തില്‍ നിലനില്‍ക്കുന്നില്ല.

അധികാരമോഹികളായ നേതാക്കള്‍ തങ്ങളുടെ പ്രതിയോഗിയെ  പൈശാചികമായി ഉന്മുലനം ചെയ്യുവാന്‍ അണികളോ ടാഞ്ഞാപിക്കുകയും    യജമാനന്റെ കാരുന്ണ്യ ത്താല്‍    ലഭിക്കുന്ന ഉച്ചിഷ്ടത്തിന്റെ സ്വാദ് അനുഭവിക്കുവാന്‍ വേണ്ടി ആ കൃത്യം എത്രയും ഭീകരമായി നിറവേറ്റുകയും  ചെയ്യുന്നവര്‍ ആദര്‍ശ സംരക്ഷണത്തിനുവേണ്ടിയല്ല പ്രത്യുത വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ്  ഈ ഹീന കൃത്യങ്ങള്‍ ചെയ്യുന്നത്. അതിനുള്ള ശിക്ഷയും സാധാരണ കൊലക്കുറ്റത്തിനുള്ളതാവണം.

യജമാനഭക്തി മൂത്ത്‌, താനും പല കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന് വിശദീകരണ യോഗത്തില്‍ മുഴങ്ങിയ മണിയൊച്ച കേട്ടവര്‍ക്കറിയാം ഉന്നതങ്ങളില്‍ നിന്നുള്ള തീരുമാനം നടപ്പിലാക്കിയ  ഒരു ഉപകരണം മാത്രമായിരുന്നു മണിയെന്ന്‌.

നക്സല്‍ വര്‍ഗിസ് വധിക്കപ്പെടുന്ന കാലത്ത് സമുഹത്തിലെ ഭുരിപക്ഷവും ആ സംഭവത്തെ ന്യായീകരിക്കുകയും വര്‍ഗിസ്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത്‌ വര്‍ഗിസ്  ഏറ്റുമുട്ടലിലൂ ടെയല്ല  പ്രതുത    പോലിസ് മേധാവിയുടെ ഉത്തരവുപ്രകാരം വധിക്കപ്പെടുകയായിരുന്നു  എന്ന കോണ്‍സ്ടബില്‍  രാമചന്ദ്രന്റെ വെളിപ്പെടുത്തലിനുശേഷം  ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു  സേനയില്‍ നിന്നും വിരമിച്ചിരുന്ന അദ്ദേഹവും ശിക്ഷിക്കപ്പെട്ടു.
നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയുടെ മഹത്വത്തെ ഇതിലുടെ നാം ദര്‍ശിക്കുന്നു. നിയമത്തിന്‌ ആരും അതീതരല്ലെന്നും എല്ലാവര്‍ക്കും ഒരേ നീതിയെന്നുമുള്ള യാഥാര്‍ത്യത്തെ.

പാര്‍ട്ടി മേധാവികളെ  വിമര്‍ശിക്കുന്നവരെയും വേറിട്ട ചിന്താഗതിക്കാരെയും  തുടച്ചുമാറ്റുവാന്‍ കല്പിക്കുന്ന നേതാക്കള്‍,  അതിനു വേണ്ടി ഗൂഡാലോചന നടത്തുന്നവര്‍ അവര്‍ എത്ര ഉന്നതരായാലും  നിയമത്തിനു തോട്ടുകുടത്തവരല്ല എന്നു മനസ്സിലാക്കണം,അവര്‍ സംരക്ഷിക്കപ്പെടെണ്ടവരല്ല ശിക്ഷിക്കപ്പെടെണ്ടവരാണ്  എന്ന യാഥാര്‍ത്ഥ്യം അണികളും അനുഭാവികളും തിരിച്ചറിയണം.കുറ്റ വാളികളോട് ഐക്യദാര്‍ഡ്യം പ്രഖാപിക്കുവാന്‍ വേണ്ടി ബഹുജനറാലികള്‍ക്ക്‌ ആഹ്വാനം ചെയ്യുമ്പോള്‍ ഈ ആഹ്വാനങ്ങള്‍ ചെവിക്കൊള്ളാതിരിക്കാന്‍ മാത്രം ധാര്‍മികത  നമ്മളില്‍ അവശേഷിച്ചിരിക്കണം

. ഇതെല്ലാം തീര്‍ച്ചയായും സംഭവിച്ചിരിക്കും എത്ര കാല താമസമെടുത്താലും.

(കേരളത്തിലും ബംഗാളിലുമാല്ലാതെ ഇന്ന് ലോകത്തില്‍ മറ്റൊരിടത്തും നിലനില്‍ക്കാത്ത ഈ വേറിട്ട ചിന്താഗതിക്കരോട് വായനക്കായി ഒരു പുസ്തകം നിര്‍ദേശിക്കട്ടെ  . 1954 ല്‍ പബ്ലിഷ് ചെയ്ത ജോര്‍ജ് ഓര്‍വെല്‍ ന്‍റെ ആനിമല്‍ ഫാം (Animal ഫാറം) )

`ALL ANIMALS ARE EQUAL BUT SOME ANIMALS ARE MORE EQUAL `

C .Abraham