ഒരേ ഒരു സ്വപ്നം

V .Kunjappu 


 പല പ്രസംഗങ്ങളും ലോകോത്തര പ്രസംഗങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ട്. മാർക്ക്‌ ആന്റിണി , സ്വാമി വിവേകാനന്ദൻ , വിൻസ്റ്റൻ ചർച്ചിൽ എന്തിനധികം സാക്ഷാൽ ഹിറ്റ്ലർ വരെ ലോകോത്തര പ്രാസന്ഗികന്മാരുടെ പട്ടികയിൽ വരും. എന്നാൽ ഒരു പ്രസംഗത്തിന്റെ അന്പതാമാണ്ട് ഒരിടത്തും ആഘോഷിച്ചിട്ടില്ല. അവിടെയാണ് എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും. നീതി നിഷേധിക്കപ്പെടുന്നവന്റെ  " ഒരേ  ഒരു സ്വപ്നം" എന്ന പൊരുളിൽ അടങ്ങിയിരിക്കുന്നത്. ലോകജനതയെ ഇന്നും ആവേശ ലഹരിയിൽ നിറുത്തുന്ന ആ പ്രസംഗത്തിന്റെ അന്പതാമാണ്ടിന്റെ  ആഘോഷവളയിലാണ് ലോകമെങ്ങും. സ്വാതന്ത്ര്യത്തിനും, തൊഴിലിനുംവേണ്ടി അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റ് സംഘടിപ്പിച്ച വാഷിംഗ്ഡൻ മാർച്ചിനെ അഭിസംബോധന ചെയ്തായിരുന്നു ആ വിശ്വവിഖ്യാതമായ പ്രസംഗം.

സംഘാടകർ 25000 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രസംഗം കേൾക്കാൻ  250000 പേർ. ആവേശ ഭരിതരായ ജനങ്ങൾ അക്രമത്തിലേയ്ക്ക് തിരിയരുതെന്നു നിർബന്ധമുണ്ടായിരുന്ന സംഘാടകർക്ക് അതിരു വിട്ട ഒരു വാക്കു പോലും ജനങ്ങൾ കേൾക്കരുതെന്നു നിർബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴായി എഴുതി തയാറാക്കിയ പ്രസംഗം വെട്ടി ചുരുക്കി വിളക്കി ചേർത്താണ് കിങ്ങ് പ്രസംഗി ക്കാനെത്തിയത് . താൻ ജനത്തോട്‌ എന്ത് പറയുമെന്ന് തലേന്നു പോലും തനിക്ക് ഒരു രൂപവുമില്ലായിരുന്നെന്നു പിന്നീ ട് മാർട്ടിൻ ലൂഥർ കിങ്ങ് വെളിപ്പെടുത്തിയിട്ടുണ്ട്. അബ്രാഹം ലിങ്കണ്‍ അമേരിക്കയിൽ അടിമത്തം  നിരോധിച്ചതിന്റെ നൂറാം  വാർഷികത്തിലായിരുന്നു അന്നത്തെ പ്രസംഗമെന്നത് യാദൃശ്ചികമാവാം .

പലപ്പോഴായി ലിങ്കനെ അനുസ്മരിച്ചായിരുന്നു കറുത്ത വർഗക്കാർ നേരിടുന്ന വർണ വിവേചനത്തിനെതിരെ അറുതി വരുത്താൻ കിങ്ങ് തുടങ്ങിയത്. കയ്യിലുള്ള കടലാസുതുണ്ടിൽ എവിടെയോ ഉടക്കി നിന്ന വാക്കുകൾ  പ്രവിഹിച്ചത് വലിയ ഒരു ജനതയുടെ ഹൃദയത്തിലേയ്ക്കായിരുന്നു. നിരാശകളിൽ തളരാതെ ഉയർന്നു പൊരുതാൻ അര നൂറ്റാണ്ടിനപ്പുറമുള്ള ആ വാക്കുകൾക്ക് ഊർജം പകർന്നതാകട്ടെ ബൈബിളും, ലിങ്കണും, മഹാത്മജിയും. അന്ന് ആ പ്രസംഗം കേട്ടവരെയും, ലോകത്തെയും വരാനിരിക്കുന്ന തലമുറയെയും ആ പ്രസംഗം സ്വാധീനിച്ചു . ബൈബിളിനെയും മഹാത്മജിയെയും ആവസിച്ചാണ് പ്രസംഗിച്ചതെന്നു ലോകമാധ്യമങ്ങൾ വാഴ്ത്തി. ടെലിവിഷനു മുന്നിലിരുന്നു പ്രസംഗം കേട്ട ജെ എഫ് കെന്നഡി പിന്നീ ട് കിങ്ങിനെ അഭിനന്ദിച്ചു. എന്നാൽ അമേരിക്കൻ ചാര സംഘടന ആ പ്രസംഗത്തെ ഗൌരവത്തോടെയാണ് വീക്ഷച്ചത്‌. മുഴുവൻ കറുത്ത വർഗക്കാരെയും, ജനത്തെയും സ്വാധീനിക്കാൻ കിങ്ങിനു കഴിയുമെന്ന് അവർ വിലയിരുത്തി. കമ്യുണിസത്തിന്റെ കാലാൾപ്പടയെക്കാൾ അപകടകാരിയായ നീഗ്രൊയായിരിക്കും കിങ്ങ് എന്ന് എഫ്‌ ബി ഐ റിപ്പോർട്ടു നല്കി.1964 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി, എന്നാൽ 39 ആം വയസ്സിൽ വർണ്ണ വെറിയന്മാരുടെ വെടിയേറ്റ്‌ ആ ജീവിതം പൊലിഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ നീതിക്കായി പൊരുതുന്നവർക്ക് എന്നും ശക്തിയും പ്രചോദനവുമാണ്. സമൂഹത്തിന്റെ മുഖ്യ ധാരക്ക് ശക്തിയും.ലിങ്കണ്‍ മേമ്മോറിയലിന്റെ അതേ പടവിൽ അര നൂറ്റാണ്ടിനു ശേഷം കറുത്ത വർഗക്കാരനായ ഒരു പ്രസിഡന്റു കിങ്ങിനെ അനുസ്മരിച്ചു എന്നത് ചരിത്രനിയോഗമായിരിക്കാം. ലോകത്തെവിടെയും അവകാശപ്പോരാട്ടങ്ങൾക്ക് ജനം തടിച്ചു കൂടുംപോഴൊക്കെ  "എനിക്കൊരു സ്വപ്നമുണ്ട്"  എന്ന വലിയ പ്ലാകാർഡുമായാണ് ജനം എത്താറ്‌.

അടിച്ചമർത്ത പ്പെടുന്നവരുടെ -ചൂഷണത്തിനിരയാവുന്നവരുടെ- സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ ഒരേയൊരു സ്വപ്നം.സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ശരത്കാലം വരും വരെ നീഗ്രൊയുടെ ന്യായമായ അസംതുഷ്ടിയുടെ ചുട്ടു പൊള്ളുന്ന വേനൽ കടന്നു പോകില്ല.നീതിയുടെ പ്രഭാപുർണമായ ദിനങ്ങൾ ഉയരും വരെ വിപ്ലവത്തിന്റെ ചുഴലിക്കാറ്റുകൾ നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഇളക്കിക്കൊണ്ടിരിക്കും. നമ്മുടെ പ്രക്ഷോഭണങ്ങൾ അക്രമത്തിലെയ്ക്കു തിരിയരുത്. നീതി ജലം പോലെയും നീതി ബോധം അരുവി പോലെയും ഒഴുകിയെത്തും വരേയ്ക്കും നാം തൃപ്തരാവില്ല . എല്ലാ താഴ് വരകളും നിരത്തപ്പെടുകയും മലകൾ നിരത്താക്കപ്പെടുകയും വളഞ്ഞ വഴികൾ നേരെയാക്കപ്പെടുകയും ചെയ്യുമ്പോൾ നാം ദൈ വത്തിന്റെ മഹത്വം ദർശിക്കുമെന്ന് 17 മിനിട്ട് നീ ണ്ട  പ്രസംഗത്തിൽ കിങ്ങ് ഓർമിപ്പിച്ചു . സ്വാതന്ത്ര്യത്തെ മുഴങ്ങാൻ നാം അനുവദിക്കുമ്പോൾ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും കറുത്തവനും വെളുത്തവനും എല്ലാ വിഭാഗം ജനങ്ങളും മതക്കാരും ഒടുവിൽ  കൈ കോർത്ത്‌ മഹോന്നതനും സർവശക്തനുമായ ദൈ വമേ  ഞങ്ങൾ സ്വതന്ത്രരായി എന്നു പാടാൻ നമുക്ക് കഴിയും.അങ്ങനെ കത്തികയറിയ ആ പ്രസംഗത്തിന് അര നൂറ്റാണ്ടു പിന്നിടുമ്പോൾ അടുത്ത അര നൂറ്റാണ്ടോടെ അമേരിക്കയിൽ വെള്ളക്കാർ ന്യൂനപക്ഷമാകുമെന്ന പഠനങ്ങൾ  വെള്ളക്കാരുടെ സ്വപ്നത്തിൽ ഇപ്പോഴെ  കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. കിങ്ങിന്റെ ഘാതകനെ വെറുതെ വിട്ടുവെങ്കിലും ഇന്നും കറുത്തവന്റെ കൊലയാളി നീതീകരിക്കപ്പെടു ന്നുവെങ്കിലും കറുത്തവനും വെളുത്തവനും ഇഴ പിരിയാത്തവിധം ഒന്നായി തീരുന്നതും 8 തവണകൾ ആവർത്തിച്ച

" എനിക്കൊരു സ്വപ്നമുണ്ട് " എന്ന പൊരുളിൽ ഒരു പാസ്റ്റർ  കൂടിയായ കിങ്ങ് പറഞ്ഞു ഫ ലിപ്പിച്ചു. മനുഷ്യ മഹാ സാഗരങ്ങളുടെ ഇരമ്പലിൽ ചക്രവാളങ്ങളിൽ പോലും പ്രകമ്പനങ്ങൾ ഉണ്ടാക്കിയ ആ വ്യക്തിത്വത്തിന്  Echo യുടെ ശ്രദധാഞ്ജലി.

V .Kunjappu