കേരളത്തില്‍ ദിനം പ്രതി മരണമടയുന്ന ബൈക്കു യാത്രികരുടെ കഥകള്‍ വായിക്കുമ്പോള്‍, ഈ കുറിപ്പിലുടെ ബുദ്ധിശുന്യരും അഹങ്കാരികളുമായ ഹെല്‍മെറ്റ് വിരോധികളുടെ കാഴ്ചപാടില്‍ അല്പമെങ്കിലും മാറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ചു പോകുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തിലെ റോഡുകളില്‍ വാഹനപരിശോധന നടത്തി ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് പിഴ വിധിക്കുന്നതും ഇങ്ങനെയുള്ള പരിശോധനകള്‍ നടക്കുന്നതറിഞ്ഞു അവരില്‍ നിന്നും രക്ഷ പെടാനുള്ള ആവേശത്തില്‍ അപകടത്തില്‍ പെടുന്നതും വായിക്കുവാന്‍ ഇടയായി. ഹെല്‍മെറ്റ് പരിശോധന മുലം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഇനി പരിശോധനകള്‍ നടത്തുന്ന സ്ഥലം പൊതുജനത്തെ നേരത്തെ അറിയിചിട്ടെ പരിശോധന ആകാവു എന്നു തീര്‍പുമുണ്ടായി.
ഹെല്‍മെറ്റ് പരിശോധനയില്‍ മുഴുവന്‍ ഹെല്‍മെറ്റ് ധാരികളെ മാത്രം കണ്ടെത്തിയ, നുറു ശതമാനം ഹെല്‍മെറ്റ് ഉപയോഗിക്കുന്ന ബൈക്കു യാത്രക്കാര്‍ മാത്രമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെടുന്ന നാളുകള്‍ അടുത്തിരിക്കുന്നു.
ഈ പ്രഹസനങ്ങള്‍ അവസാനിപ്പിച്ച് യാഥാര്‍ത്യ ബോധത്തോടെ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെ മനസ്സിലാക്കേണ്ട കാലം അതിക്രമിചിരിക്കയാണ്.
ഹെല്‍മെറ്റ് ധരിച്ചു മാത്രമേ ബൈക്ക് ഓടിക്കാവു എന്ന് നിയമപാലകരും ഗതാഗതവകുപ്പുമൊക്കെ നീര്‍ബന്ധിക്കുന്നത്, ആ നിയമം നടപ്പിലാക്കാന്‍
ശ്രമിക്കുന്നത് നിയമനിര്‍മാതാവിന്‍റെ സുഖത്തിനു വേണ്ടിയല്ല. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ കൂടിയ അപകടസാധ്യതയും, അപകടത്തില്‍ തലയ്ക്കു പരിക്കേല്കാനും അത് വഴി ചെറിയ അപകടങ്ങളും മാരകമാകാനുമുള്ള സാധ്യതയും കണക്കിലെടുത്താണ്. ഒരു ഹെല്‍മെറ്റ് തലയില്‍ നന്നായി ഉറപ്പിച്ചാല്‍ അപകടം സംഭവിച്ചാല്‍ പോലും അത് മാരകമാവണമെന്നില്ല.
കേരളജനതയുടെ പൌരബോധവും പ്രതികരണശേഷിയും കിടയറ്റതാണല്ലോ. ഹെല്‍മെറ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന നിയമത്തിനെതിരെ സമരവും അട്ടിമറികളും നടത്തിയിട്ടുള്ള ജനനേതാക്കള്‍ക്കും നിസംഗത പാലിക്കുന്ന രാഷ്ട്രീ യക്കാര്‍ക്കുമോന്നും അവരുടെ സ്വന്തപ്പെട്ടവര്‍ ആരും ബൈക്ക് അപകടങ്ങളില്‍ നഷ്ടപ്പെട്ടിട്ടുണ്ടാവില്ല . അല്ലെങ്കില്‍ അവരുടെ നഷ്ടം ഏതെങ്കിലും രീതിയില്‍ സ്വന്തം ലാഭാമായിരുന്നിരിക്കും. .
യൂറോപ്പില്‍ സ്ഥിര താമസക്കാരനായ ഞാന്‍ ഈ അവസരത്തില്‍ ഇവിടുത്തെ ഹെല്‍മെറ്റ് സംസ്കാരത്തെപറ്റി ഓര്‍ത്തുപോവുകയാണ്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ സ്വന്തം മുറ്റത്ത് ചെറു സൈക്കിള്‍ ഓടിച്ചു പഠിക്കുമ്പോള്‍ മുതല്‍ അവരുടെ തലയില്‍ ഒരു കുഞ്ഞു ഹെല്‍മെറ്റ് കാണും. അവരുടെ മാതാപിതാക്കള്‍ക്കറിയാം ആ ചെറു സൈക്കിളില്‍ നിന്നും വീണു കുട്ടിയുടെ തലയ്ക്കു ക്ഷതം സംഭവിച്ചാല്‍ അവന്‍ ജീവിതകാലം മുഴുവന്‍ ശയ്യാവലംബി ആയിരിക്കുമെന്ന്. രണ്ടു വയസ്സില്‍ ചെറു ഹെല്‍മെറ്റുമായി സൈക്കിള്‍ കയറുന്ന കുട്ടിക്ക് ഹെല്‍മെറ്റ് എന്നത് സൈക്കിള്‍- ബൈക്ക് യാത്രയില്‍ അനിവാര്യമായ ഒരു സുരക്ഷാ മുന്‍കരുതലാണ്. ഹെല്‍മെറ്റ് ഇല്ലാത്ത ഒരു യാത്രയെപ്പറ്റി അവന്‍ ഒരിക്കലും ഓര്‍ക്കുന്നില്ല.
അതുപോലെ ഹെല്‍മെറ്റ് ധരിക്കാതെ ഒരു അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉത്തരവാദിത്വങ്ങള്‍ ഏ റ്റെ ടുക്കുകയുമില്ല.
ഇവിടെ താമസിക്കുന്ന മലയാളികള്‍ക്ക് അവരുടെ കുഞ്ഞുങ്ങളുടെ തലയില്‍ ചെറു ഹെല്‍മെറ്റ് കള്‍ വച്ചു കൊടുക്കാനുള്ള ജാഗ്രത കാണുമ്പോള്‍ ഇവരും കേരളത്തിന്‍റെ മക്കളോ എന്ന് അതിശയിച്ചു പോകും.
കേരളത്തിന്‍റെ മുന്നിലൊന്നു ജനസംഖ്യയുള്ള സ്വിറ്റ്സര്‍ ലാന്‍ഡ് ല്‍ 2009 ല്‍ വാഹനാപകടങ്ങള്‍ വളരെ ഉണ്ടായെങ്കിലും മരണമടഞ്ഞത് 37 പേര്‍ മാത്രമാണെന്നറിയുമ്പോള്‍ സുരക്ഷാ മുന്കരുതലുകളുടെ പ്രാധാന്യം എത്രമാത്രമെന്നു മനസ്സിലാക്കാമല്ലോ.
ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമവും അത് ഉറപ്പു വരുത്താനുള്ള ചെക്കിങ്ങുകളും വെറും പ്രഹസനമാക്കി മാറ്റാതെ യാഥാര്‍ത്യ ബോധത്തോടെ സ്വന്തം ജീവന്‍റെ വില മനസ്സിലാക്കി മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ഉത്തരവാദിത്വബോധമുള്ള പൌരന്റെ ചുമതലയാണ്. തന്നെക്കൊണ്ട് തനിക്കും സമൂഹത്തിനും യാതൊരു പ്രയോജനവുമില്ല എന്ന് വിചാരിക്കുന്നവനോട് ഹെല്‍മെറ്റ് നെ പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
സ്നേഹ ചുംബനങ്ങളും റ്റാ - റ്റാ യും നല്‍കി ഭര്‍ത്താവിനെയും മക്കളെയും ഹെല്‍മെറ്റ് കൂടാതെ യാത്രയാക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ അവരുടെ തിരിച്ചുവരവിന്റെ പ്രാധാന്യവും അവരോടുള്ള സ്നേഹത്തിന്റെ തീഷ്ണതയും കാപട്യമാണെന്ന് തോന്നിപോവുന്നത് നിങ്ങളെ വേദനിപ്പിക്കുന്നു വെങ്കില്‍ ക്ഷമിക്കുക.......... മാറ്റത്തിന്റെ തുടക്കം നിങ്ങളില്‍നിന്നാവട്ടെ.
എബി