സ്വന്തമായി ഒരു വാഹനം, അതും യാത്രക്കാരന്റെ സ്റ്റാറ്റസ്സും അഭിരുചിയും വിളിച്ചറിയിക്കുന്ന ഒന്ന്. ഇതുപോലൊരു വാഹനം സ്വന്തമാക്കാനും സ്വയം ഡ്രൈവ് ചെയ്തു വിശേഷാവസരണങ്ങളിലും ജോലിസ്ഥലത്തുമൊക്കെ ചെല്ലുമ്പോൾ ലഭിക്കുന്ന അംഗീകാരം ആസ്വദിക്കാനും എല്ലാവരും തന്നെ ആഗ്രഹിക്കുന്നതാണ്. എന്നാൽ വാഹനങ്ങളുടെ തിരക്കും അതു മെയിന്റയിൻ ചെയ്യാൻ വേണ്ടി വരുന്ന ചിലവും, വീട്ടിലും ജോലിസ്ഥലത്തും പാർക്ക് സൗകര്യവും, അതിന്റെ ലഭ്യതക്കുറവും അങ്ങനെ ഒരു വണ്ടി സ്വന്തമായുണ്ടായാൽ അതിനെ പരിപാലിച്ചു കൊണ്ടു നടക്കാൻ വേണ്ടി വരുന്ന സമയവും എല്ലാം കണക്കിലെടുക്കുമ്പോൾ ദിവസത്തിൽ ഒരു പക്ഷെ രണ്ടു മണിക്കൂർ മാത്രം ഉപയോഗിക്കുന്ന ഒരു വാഹനത്തിനു വേണ്ടിയാണ് നമ്മൾ ഇത്രയും പണം മാറ്റി വയ്ക്കുന്നതും പിരിമുറുക്കം അനുഭവിക്കുന്നതും എന്നോർക്കുമ്പോളാണ് ഈ സാഹചര്യത്തിനു ലളിതമായ ഒരു പരിഹാരം വിരൽത്തുമ്പിലെ ഭാവി നമുക്ക് വാഗ്ദാനം ചെയ്യുന്നത്.
ഏതാണ്ട് 15 ലക്ഷം കോടി വാഹനങ്ങൾ സ്വന്തമായി ഉപയോഗിക്കുന്നവർ ഇന്നു ലോകത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ വാഹനങ്ങൾക്കെല്ലാം ഓടുവാൻ ആവശ്യമായ വഴികൾ, പാലങ്ങൾ അതിന്റെ മെയ്ന്റനൻസ്, ഉപയോഗിക്കുന്ന ഇന്ധനം അതിൽ നിന്നുണ്ടാവുന്ന പരിസ്ഥിതി മലിനീകരണം അങ്ങനെ കണക്കു നോക്കിയാൽ വണ്ടികളുടെ ബാഹുല്യം മാനവികതയ്ക്കു നൽകുന്നത് സൗകര്യങ്ങളെക്കാളേറെ നഷ്ടങ്ങളാണ്.
ഇവിടെയാണ് ഒരു കോമൺ പൂളിൽ സൂക്ഷിക്കുന്ന ഓട്ടോമാറ്റിക് വാഹനങ്ങൾ നമ്മുടെ ആവശ്യമനുസരിച്ചു പറയുന്ന സമയത്തു നമ്മുടെ വീട്ടുമുറ്റത്തു വരുകയും നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിച്ച ശേഷം വീണ്ടും നമ്മളെ തിരിച്ചു വീട്ടിലെത്തിയ്ക്കാൻ മാത്രം നമുക്ക് വേണ്ടി പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോളുണ്ടാവുന്ന സ്വസ്ഥത നമ്മൾ ആസ്വദിക്കുന്നത്. നാളെയുടെ ഈ ഓട്ടോമാറ്റിക് വണ്ടികളിൽ ഡ്രൈവർ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. പെട്രോൾ അടിക്കാൻ പമ്പുകൾ തേടി പോകേണ്ടി വരികയുമില്ല. സോളാറിലോ ബാറ്ററിയിലോ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിങ്ങൾക്കുവേണ്ടി എപ്പോളും സേവനസന്നദ്ധമാക്കി നിറുത്താൻ കോമൺ പൂളിൽ ജോലിചെയ്യുന്ന വിരലിലെണ്ണാവുന്നവരുടെ സേവനം മാത്രം മതിയാവും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, കോമൺ പൂളിൽ അംഗമാവുക. നിങ്ങളുടെ സെൽഫോണിൽ നിന്നും നിങ്ങളുടെ ആവശ്യം പുളിനെ അറിയിക്കുക. പറയുന്ന സമയത്ത് വണ്ടി വീട്ടുമുറ്റത്തുണ്ടാവും!
ഒരു വാഹനത്തിനു വേണ്ടി ഇന്നു ചെലവഴിക്കുന്നതിന്റെ വളരെ ചെറിയ ഒരംശം മാത്രമായിരിക്കും ഭാവിയിൽ നാം മാറ്റി വയ്‌ക്കേണ്ടി വരുന്നത്.
ഭൂലോകം വിരൽ തുമ്പിലാക്കാൻ നിങ്ങളുടെ പങ്കും പ്രാധാന്യമർഹിക്കുന്നു
ഭൂലോകം വിരൽതുമ്പിൽ ( 2 )
Dr. Google
ഈയിടെ കണ്ട ഒരു ടെലിവിഷൻ പരിപാടിയാണ് വിഷയം.
രോഗലക്ഷണങ്ങളും പ്രാഥമിക ലാബ്.പരിശോധനാ ഫലവും പഠിച്ച് ഒരു രോഗിയുടെ രോഗനിർണയവും ചികിത്സാ വിധിയും എഴുതുവാൻ വേണ്ടി രണ്ടു ടീമുകൾ സ്റ്റുഡിയോയിൽ സന്നിഹിതരാണ്.
ഒന്ന് വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ മൂന്നു ഡോക്ടർമാർ, രണ്ട് ഗൂഗിളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ മിടുക്കരായ ആരോഗ്യ മേഖലയുമായി വലിയ ബന്ധമില്ലാത്ത മൂന്നു പേർ.
പ്രോഗ്രാം മോഡറേറ്റർ രണ്ടു ടീമിനും ഒരേ സമയം രോഗലക്ഷണങ്ങൾ പറഞ്ഞു കൊടുക്കുന്നു. രണ്ടു ടീമിനോടും രോഗനിർണയവും പ്രതിവിധിയും കണ്ടുപിടിക്കാൻ ആവശ്യപ്പെടുന്നു.
കാണികളെയും മോഡറേറ്ററെയും അതിശയിപ്പിക്കുന്നതായിരുന്നു ഗൂഗിൾ ടീമിന്റെ പ്രകടനം. പലപ്പോളും ഡോക്ട്ടർമാർക്കൊപ്പമോ അവർക്കു മുൻപോ ഗൂഗിൾ ടീം കൃത്യമായ രോഗനിർണ്ണയവും പ്രതിവിധിയും നിർദ്ദേശിച്ചു.
ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു സെൽഫോൺ നന്നായി ഉപയോഗിക്കാൻ അറിയാവുന്നവന് ഒരു ഡോക്ടറുടെ സഹായമില്ലാതെയും നാളത്തെ ലോകത്ത് ആരോഗ്യവാനായി ജീവിക്കുവാൻ സാധിച്ചേക്കും !