ഹൃദയത്തിൽ സൂക്ഷിക്കാൻ

                

 
നമുക്കവളെ സാന്ദ്ര എന്നു വിളിക്കാം. വെളുത്തു മെലിഞ്ഞ് കുറുകിയ ശരീരപ്രകൃതിയുള്ള ഒരു കുടുംബിനി. ഭർത്താവ് മാർട്ടിനും ഏക മകൻ ജിമ്മിയുമൊത്തു സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. വീടിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്നതുകൊണ്ട് മരണാസന്നരായ രോഗികളും അവരുടെ ബന്ധുക്കളുമായി സാന്ദ്രക്ക് പലപ്പോഴും ഇടപഴകേണ്ടിയിരുന്നു.
ജീവിതത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആസക്തി അവളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.എന്തു വില കൊടുത്തും രോഗാവസ്ഥയെ അതിജീവിക്കാനും ജീവൻ നിലനിർത്താനുമുള്ള അടങ്ങാത്ത തൃഷ്ണ. 

https://youtu.be/EQKiES6PS8g

മരണത്തെ മനുഷ്യൻ എന്തുകൊണ്ട് ഇത്രയേറെ ഭയപ്പെടുന്നുവെന്ന് അവൾ ആലോചിച്ചിട്ടുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യം. എന്നെങ്കിലുമൊരിക്കൽ സുനിശ്ചിതമായ മരണം ഒരു നിമിഷമെങ്കിൽ അത്രയും ദീർഘിപ്പിക്കുവാൻ വേണ്ടി തനിക്കുള്ള തെല്ലാം ത്യജിക്കുവാൻ സന്നദ്ധരായ മനുഷ്യർ. 

താൻ  ഒരു ഗാഢനിദ്രയിൽ നിന്നും ഉണരാതിരുന്നാൽ എന്തു സംഭവിച്ചേക്കാമെന്ന് അവൾ ആലോചിച്ചുനോക്കി. മരണപ്പെട്ട തന്റെ ബന്ധുക്കളുടെയും പരിചയക്കാരുടെയും മണ്‍ മറഞ്ഞുപോയ പല മഹത് വ്യക്തികളുടെയും മുഖങ്ങൾ അവൾക്കു മുന്നിലൂടെ കടന്നുപോയി. 

ആരുടേയും മരണം, ഈ ലോകത്തിൽ  നിന്നുള്ള തിരോധാനം, അത് എത്ര അപ്രതീക്ഷിതമായിരുന്നാലും നാളെയുടെ ദിനചര്യകളിൽ കാര്യമായ വ്യതിയാനങ്ങൾ സംഭവിക്കുന്നില്ല എന്ന യാഥാർഥ്യം  അവളെ ആശ്ചര്യപ്പെടുത്തി.
തൻറെ സ്വന്തം ജീവിതത്തെപ്പറ്റി അവൾക്ക് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. ജീവൻ നില നിർത്തുവാനും ദീർഘിപ്പിക്കുവാനുമായി ക്രുത്രിമ ഉപാധികൾ ഒന്നും സ്വീകരിക്കേണ്ടതില്ല എന്ന അവളുടെ തീരുമാനം മാർട്ടിനും ജിമ്മിയുമായി അവൾ പങ്കു വച്ചിട്ടുണ്ട്. തന്റെ ശരീരത്തി ലൂടെ മറ്റൊരാളുടെ രക്തം ഓടുന്നതും അന്യന്റെ അവയവം പേറി ജീവിക്കുന്നതും അവളുടെ സന്മാർഗ വീക്ഷണങ്ങൾക്ക് നിരക്കുന്നതായിരുന്നില്ല. സാന്ദ്രയുടെ മൂല്യബൊധത്തെ അംഗീകരിക്കുന്നതിൽ മാർട്ടിനും ബുധിമുട്ടില്ലായിരുന്നു.സാന്ദ്രയുടെ ജീവിതത്തിൽ കാർമേഘങ്ങളടിഞ്ഞത് വളരെ പെട്ടന്നായിരുന്നു. 2012 ലെ പുതുവത്സരാഘോഷങ്ങളും കഴിഞ്ഞു വീട്ടിലെത്തിയ അവൾക്ക് ശ്വാസതടസം പോലെ എന്തോ ഒന്ന് . ശ്വാസകോശത്തിലേയ്ക്ക് ആവശ്യത്തിനു വായു പ്രവേശിക്കുന്നില്ല എന്ന തോന്നൽ. ശ്വാസമെടുക്കുമ്പോൾ വല്ലാത്ത ഒരു വേദന. ഇന്നത്തെ പാർട്ടിയുടെ ക്ഷീണം കൊണ്ടാകാമെന്നു വിശ്വസിച്ച് ആ രാത്രി അവൾ തള്ളി നീക്കി. ശ്വാസതടസത്തിനും വേദനക്കും പിറ്റേന്നും കുറവൊന്നും കാണാഞ്ഞതിനാൽ അവൾ ഡോക്ടറെ കാണാൻ തീരുമാനിച്ചു.സൂഷ്മ പരിശോധനകൾക്കുശേഷം ഹൃദ്രോഗവിദഗ്ദൻ വിധിയെഴുതി. സാന്ദ്രയുടെ ഹൃദയം പതിനഞ്ചു ശതമാനം മാത്രമേ പ്രവർത്തനയോഗ്യമായുള്ളു. ഒരു ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റു ചികിത്സാവിധികളൊന്നും തന്നെ അവശേഷിക്കുന്നില്ല.ഹൃദയം മാറ്റിവയ്ക്കൽ ! സാന്ദ്രയെ സംബന്ധിച്ചിടത്തോളം ആ ഒരു സാധ്യത ഒരിക്കലും അംഗീകരിക്കാവുന്നതായിരുന്നില്ല. തന്റെ ഇന്നുവരെയുള്ള ജീവിത വീക്ഷണങ്ങൾക്കു നിരക്കാത്ത ഒന്ന്. തന്റെ ജീവിതവഴിയുടെ ദൈർഘ്യം തീർന്നുവെങ്കിൽ അതിനെ വലിച്ചു നീട്ടുവാൻ അവൾ തയാറല്ലായിരുന്നു.ആധുനിക വൈദ്യ ശാസ്ത്രത്തിൻറെ പുരോഗതിയിൽ ഒരു ഹൃദയം മാറ്റിവയ്ക്കൽ എത്ര അനായാസമെന്നു ഹൃദ്രോഗവിദഗ്ദൻ അവളെ ബോധ്യപ്പെടുത്തി. സാന്ദ്രക്ക് യോജിക്കുന്ന ഒരു ഹൃദയം അപ്രതീക്ഷിത- അപകടമരണം-മസ്തിഷ്കമരണം സംഭവിക്കുന്ന ഒരാളിൽ നിന്നും  എടുത്ത് മാറ്റിവയ്ക്കുന്നു. പ്രവർത്തനയോഗ്യമായ ഒരു പുതിയ ഹൃദയവും പേറി പൂർണ്ണ ആരോഗ്യവതിയായി സാന്ദ്രയ്ക്ക് ഇനിയും ജീവിക്കാം. ഇനി സാന്ദ്രയ്ക്ക് ചേരുന്ന ഒരു ഹൃദയം ഉടനെ ലഭ്യമാവുന്നില്ലെങ്കിൽ അങ്ങിനെയൊരെണ്ണം കിട്ടുന്നതുവരെ ഒരു മൊബൈൽ ഹാർട്ട്‌ മെഷീനിന്റെ സഹായത്തോടെ ചില പരിമിതികളോടെ ചേരുന്ന ഒരു ഹൃദയത്തിന് വേണ്ടി കാത്തിരിക്കാം.മറ്റൊരാളുടെ ഹൃദയം തനിക്കുവേണ്ടി സ്പന്ദിക്കുന്നത് അവളുടെ മനസ്സിൽ  മിന്നിമറഞ്ഞു. എന്നാൽ പരഹ്രുദയവുമായുള്ള ജീവിതം അവൾക്ക് ഉള്ക്കൊള്ളുവാൻ സാധിക്കുന്നില്ല.മരണത്തെ സ്വാഗതം ചെയ്യുക തന്നെയെന്ന അവളുടെ തീരുമാനം ഉറച്ചതായിരുന്നുതങ്ങളുടെ പ്രിയപ്പെട്ടവളുടെ ഈ തീരുമാനത്തെ, വേദനയോടെയെങ്കിലും , അംഗീകരിക്കുക മാത്രമേ മാർട്ടിനും ജിമ്മിക്കും സാധിക്കുമായിരുന്നുള്ളൂ. തങ്ങളുടെ മാനസികസംഘർഷം അവളെ ഒരു തരത്തിലും ശല്യം ചെയ്യാതിരിക്കുവാൻ  അവർ കഴിവതും ശ്രമിച്ചു.തൻറെ  ദിവസങ്ങൾ എണ്ണ പ്പെട്ടിരിക്കുന്നുവെന്ന് അവൾക്കറിയാം. ജീവിതത്തിൻറെ ഏറിയപങ്കും ഒന്നിച്ചുണ്ടായിരുന്ന മാർട്ടിനോടും സ്നേഹമകൻ ജിമ്മിയോടും കഴിഞ്ഞ അന്പത്തിയേഴു വർ ഷത്തെ തൻറെ ജീവിതത്തിൽ സുഖദുഖ:ങ്ങളിൽ ത്നിക്കൊപ്പമുണ്ടായിരുന്ന എല്ലാത്തിനോടും യാത്ര പറഞ്ഞ് അവൾ മരണം കാത്തിരുന്നു.

ആദ്യത്തെ കോമയിൽ നിന്നും അവൾ ഉണർന്നത് മണിക്കൂറുകൾക്കു ശേഷമായിരുന്നു. പാതി മയക്കത്തിൽ അവൾ മർട്ടിനെയും ജിമ്മിയെയും തിരിച്ചറിഞ്ഞു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അവരുടെ വ്യധ അവൾ സ്പർശിച്ചറിഞ്ഞു. തൻറെ വേർപാട് അവരുടെ ജീവിതതിലുണ്ടാക്കാവുന്ന ശുന്യത അവൾക്കു ബോധ്യം വന്നു. അതവളെ ആലോസരപ്പെടുത്തുവാൻ തുടങ്ങി. തൻറെ കാഴ്ചപ്പാടുകളും ഹൃദയം മാറ്റിവയ്ക്കലിലൂടെ നീട്ടിക്കിട്ടവുന്ന ജീവിതം വേണ്ടെന്നു വയ്ക്കുവാനുള്ള തീരുമാനവും ശരിയായിരുന്നോ എന്നവൾ വീണ്ടും വീണ്ടും ആലോചിച്ചു നോക്കി. അവളുടെ കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ ഒലിച്ചിറങ്ങി. അതോടെ അടുത്ത മയക്കം അവളെ ആശ്ലേഷിച്ചു.

ഈ തവണ കോമയിൽനിന്നും കരകയറുവാൻ ആദ്യത്തെതിലും സമയമെടുത്തു.

സാന്ദ്ര വളരെ ക്ഷീണിതയായിരുന്നു. തൻറെ ഇരുകരങ്ങളും തലോടിക്കൊണ്ട് അടുത്തിരുന്ന മാർട്ടിനെയും ജിമ്മിയെയും നേരിടാനാവാതെ അവൾ ബുദ്ധിമുട്ടി. ഇത്രയേറെ തന്നെ സ്നേഹിക്കുന്നവർക്ക് വേദനകൾ  അവശേഷിപ്പിച്ചു കൊണ്ടുള്ള  തൻറെ വേർപാട് ശരി തന്നെയോ എന്നവൾക്ക് സംശയം തോന്നി. മരണത്തെ തൊട്ടടുത്തു കാണുന്ന നിമിഷങ്ങൾ. ജീവിക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനമെടുക്കാനുള്ള അവസാന നിമിഷങ്ങൾ. ഹൃദയം മാറ്റിവയ്ക്കൽ നിഷേധിച്ചുകൊണ്ട് മരണത്തെ വരവേല്ക്കുന്ന തൻറെ തീരുമാനത്തിന് മറ്റുള്ളവർക്ക് ബോദ്ധ്യമാവുന്ന ഒരു ന്യായീകരണം കണ്ടെത്താൻ അവൾക്കായില്ല.

രണ്ടു ദിവസത്തെ കഠിനമായ മാനസിക സംഘർഷങ്ങൾക്കു ശേഷം തന്റെ ശരീരം മറ്റൊരു ഹൃദയത്തെ വരവേൽക്കുവാൻ വേണ്ടി വിട്ടു കൊടുക്കുവാനുള്ള തീരുമാനം അവൾ മാർട്ടിനെ അറിയിച്ചു. അവൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു. തൻറെ പ്രിയപ്പെട്ടവൾ ഇനിയും ജീവിക്കുമെന്ന അറിവ് അവനെ ഉത്സാഹഭരിതനാക്കി. ഉടൻ തന്നെ അവൻ ഡോക്ടറെ വിവരമറിയിച്ചു.

സാന്ദ്രക്കു  വേണ്ടി അതിവേഗം അവർ ഒരു യന്ത്ര ഹൃദയം തയാറാക്കി. രണ്ടു ചക്രങ്ങളിലുരുട്ടാവുന്ന ഏതാണ്ട് ഇരുപതു കിലോയോളം ഭാരം വരുന്ന ഒരു യന്ത്ര സംവിധാനം.

മണിക്കൂറുകൾ നീണ്ട ഓപറേഷനുശേഷം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നത് മൂന്നു ദിവസങ്ങൾക്കു ശേഷമായിരുന്നു.ഇതിനിടയിൽ സംഭവിച്ചതൊന്നും ഓർത്തെടുക്കാൻ അവൾക്കു പറ്റുന്നില്ല.

 തൻറെ അരികിലിരിക്കുന്ന മാർട്ടിനെ അവൾ നിറകണ്ണുകളോടെ നോക്കി. അവന്റെ സാമീപ്യം അവൾക്കു സാന്ത്വനമരുളി. മാർട്ടിനും ജിമ്മിയുമൊത്തുള്ള നീട്ടിയെടുത്ത ജീവിതം അവൾക്ക് ആശ്വാസവും പ്രതീക്ഷയും നല്കി.

തനിക്കുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന യന്ത്ര ഹൃദയത്തിൻറെ കുഴലുകളിൽ അവൾ തലോടി. നാലു കട്ടിയുള്ള കുഴലുകൾ. അവയെ തൻറെ വയറിൻറെ ഭാഗത്തു കൂടിയാണ് രക്ത ധമിനികളുമായി തുന്നിചേർത്തിരിക്കുന്നത്. മിനിറ്റിൽ അറുപത്തിയെട്ടു പ്രാവശ്യം നേരിയ ശബ്ദത്തോടെ മിടിക്കുന്ന യന്ത്രം അവളുടെ ശരീരത്തിലും ചലനങ്ങളുണ്ടാക്കുന്നുണ്ട് .യന്ത്രഹൃദയം ശുദ്ധീകരിച്ച കടും ചുവപ്പുനിറമുള്ള തൻറെ ശരീരത്തിലേയ്ക്കു പോകുന്ന രക്തവും ശരീരത്തിൽ നിന്നും പുറംതള്ളപ്പെടുന്ന ഇരുണ്ട നിറമുള്ള രക്തവും അവൾ തൊട്ടറിഞ്ഞു. തൻറെ കണ്‍മുന്നിൽ തനിക്കുവേണ്ടി സ്പന്ദിക്കുന്ന യന്ത്രം അവളെ അദ്ഭുതപ്പെടുത്തി. തൻറെ ചിന്തകൾക്കും വികാരങ്ങൾക്കും അധിപൻ ഇപ്പോൾ ഈ ചെറിയ യന്ത്രമാണോ എന്നവൾ അതിശയിച്ചു.

ഈ യന്ത്രഹ്രുദയവും ഉരുട്ടി എത്ര നാൾ ജീവിയ്ക്കേണ്ടിവരുമെന്ന് അവൾക്കു നിശ്ച്വയമില്ലായിരുന്നു. അവൾക്കു യോജിക്കുന്ന ഒരു ഹൃദയം ലഭിക്കുന്ന ആ നിമിഷം ഈ യന്ത്രത്തെ ഉപേക്ഷിക്കാം. അങ്ങനെ ഒന്ന് ലഭിക്കണമെങ്കിൽ അതിന് മസ്തിഷ്ക മരണം സംഭവിച്ച ആരുടെയെങ്കിലും ഹൃദയം ദാനമായി ലഭിക്കണം. അതായത് ഏതെങ്കിലും അപകടത്തിൽപെട്ടു മരണം മുന്നിൽ കാണുന്നവർ ദാനം ചെയ്യുന്ന ഹൃദയം.

സാന്ദ്രയുടെ മെലിഞ്ഞു കുറുകിയ ശരീരത്തിനു യോജിക്കുന്ന ഒരു ഹൃദയം ലഭിക്കണമെങ്കിൽ ഏതാണ്ട് അവളുടെ ശരീരപ്രക്രുതിയുള്ള ആരെങ്കിലുമോ അല്ലെങ്കിൽ ഒരു മുതിർന്ന കുട്ടിയോ മരിക്കേണ്ടിയിരിക്കുന്നു. അവളുടെ നെഞ്ചു കൂടിന് ഒരു `വലിയ` ഹൃദയത്തെ ഉൾക്കൊള്ളുവാൻമാത്രം സ്ഥലമില്ല.

ധാരാളം അപകടമരണങ്ങൾ സംഭവിക്കുന്ന ഈ കാലത്ത് അവൾക്കു യോജിക്കുന്ന ഒരു ഹൃദയം വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്നവർ പ്രതീക്ഷിച്ചു.

തൻറെ സന്തത സഹചാരിയായ യന്ത്രഹൃദയത്തെ പരിപാലിച്ച് പ്രതീക്ഷയോടെ അവൾ ദിവസങ്ങൾ തള്ളി നീക്കി. ഓരോ തവണ ഫോണ്‍ ഒച്ച വയ്ക്കുമ്പോളും, തൻറെ കതകിൽ ആരെങ്കിലും മുട്ടുമ്പോളും, അടുത്തുള്ള ആശുപത്രിയുടെ ടെറസ്സിൽ ഹെലികോപ്റ്റർ വന്നിറങ്ങുമ്പോളുമെല്ലാം ആ ശുഭ വാർത്ത കേൾക്കാൻ അവൾ കാതോർത്തു. തനിക്കു യോജിക്കുന്ന ഹൃദയം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്ത.

കാത്തിരിപ്പിൻറെ നീണ്ട നാളുകൾ. ഏതാണ്ട് ഒരു വർഷത്തിലധികമായിരിക്കുന്നു സാന്ദ്ര യന്ത്രഹ്രുദയത്തെ പരിചരിക്കുവാൻ തുടങ്ങിയിട്ട്.

തൻറെ പരിചയത്തിലുള്ള ആർക്ക് അപകടം സംഭവിച്ചാൽ തനിക്കു പാകമായ ഹൃദയം ലഭിച്ചേക്കുമെന്ന ദുഷ് ചിന്ത അവളുടെ മനസ്സിലൂടെ കടന്നുപോയി. തൻറെ ശരീരവലിപ്പമുള്ള മുതിർന്നവരും കുട്ടികളുമായ പലരെയും അവൾ സങ്കല്പ്പിച്ചു. അവരിലൊരാൾ എത്രയും വേഗം മരണപ്പെട്ടിട്ട് ആ ഹൃദയം തനിക്കു ലഭിചെങ്കിലെന്ന ചിന്ത തൻറെ സ്വന്തമല്ല എന്നവൾക്കു തീർ ച്ചയുണ്ടായിരുന്നു.

ഇനി തനിക്ക് അപരിചിതരായ ആരുടെയെങ്കിലും ഹൃദയമയാലോ ?. അവരും തീർച്ചയായും മറ്റുപലർക്കും സ്വന്തവും വേണ്ടപ്പെട്ടവരുമായിരിക്കും. അങ്ങിനെയൊരാളുടെയും അപകടമരണം കാംക്ഷിക്കുന്ന ചിന്ത  തൻറെ മനസ്സിൽ ഉരുത്തിരിയില്ല എന്നവൾക്കു തീർച്ചയുണ്ട്.

അരികിലിരുന്ന് ടിക് -ടിക് ശബ്ദം പുറപ്പെടുവിക്കുന്ന വികാരരഹിതനായ യന്ത്രഹൃദയത്തെ അവൾ വെറുപ്പോടെ നോക്കി. തൻറെ മനസ്സിൽ, തന്റെതല്ലാത്ത, തൻറെ ഹൃദയത്തിൽ നിന്ന് ഒരിക്കലും ഉരുത്തിരിയില്ലാത്ത, മറ്റുള്ളവരുടെ മരണം കാംക്ഷിക്കുന്ന ദുഷ് ചിന്തയുടെ ഉത്ഭവസ്ഥാനം ഈ യന്ത്രഹൃദയം തന്നെയെന്നവൾ തീർച്ചപ്പെടുത്തി.

ആ ഭീകരമായ ദു:സ്വപ്നത്തിൽ നിന്നും അവൾ ഞെട്ടിയുണർന്നു. ശരീരം മുഴുവൻ വിയർപ്പിൽ മുങ്ങിയിരിക്കയാണ്. നേരിയ വിറയലും ശ്വാസം മുട്ടലും അവൾക്കനുഭവപ്പെട്ടു. താൻ കണ്ട സ്വപ്നം യാധാർത്യമാവരുതേയെന്നവൾ ആഗ്രഹിച്ചു. വിറയ്ക്കുന്ന കൈകളോടെ ജിമ്മിയുടെ സെൽ ഫോണിലേയ്ക്കു വിളിച്ചു. അവൻ അവൻറെ അടുത്ത കൂട്ടുകാരനുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കയാണ്‌. ആകാംക്ഷയുടെ നിമിഷങ്ങൾക്കു ശേഷം മറുതലക്കൽ ജിമ്മിയുടെ ശബ്ദം കേട്ടപ്പോൾ അവൾക്കു സമാധാനമായി.

അന്ന് പകൽ  മുഴുവൻ അവൾ ചിന്താമഗ്നയായിരുന്നു. ആരോടും അധികം സംസാരിച്ചില്ല.

ആ ദു:സ്വപ്നം യാധാർത്യമാവരുതേയെന്നവൾ ഉള്ളുരുകി പ്രാർത്തിച്ചു. ജിമ്മിയുടെ അപകടമരണം-അവന്റെ ഹൃദയം തന്നിൽ തുടിക്കുന്ന ദുരവസ്ഥ-അവൾക്കു സങ്കല്പ്പിക്കുവാൻ സാധിക്കയില്ല.

അവളുടെ തീരുമാനം ഉറച്ചതായിരുന്നു. ഡയറിയിൽ നിന്നും ഒരു തുണ്ട് കടലാസ്സ്‌ ചീന്തിയെടുത്ത് അതിലവൾ കുറിച്ചു  "മോനെ , നിൻറെ ഹൃദയം പേറുവാനുള്ള ശക്തി ഈ അമ്മയ്ക്കില്ല".

കടലാസ്സുതുണ്ടു മടക്കി അവൾ  ആ യന്ത്ര ഹൃദയത്തിന്റെ കുഴലുകൾക്കിടയിൽ തിരുകി വച്ചു.

മേശവലിപ്പിൽനിന്നും കരുതി വച്ചിരുന്ന മൂർചയുള്ള കത്തി അവൾ പുറത്തെടുത്തു. തൻറെ ശരീരത്തിൽ നിന്നും ദുഷ് ചിന്തകൾ പേറി വന്ന ഇരുണ്ട നിറമുള്ള രക്തകുഴലുകളെ അവൾ ആ യന്ത്രഹൃദയത്തിൽ നിന്നും മുറിച്ചു മാറ്റി.

ജിമ്മിയും കൂട്ടുകാരനും അപകടത്തിൽ പെടുകയും മസ്തിഷ്കമരണം സംഭവിച്ച കൂട്ടുകാരന്റെ ഹൃദയം ദാനം ചെയ്യപ്പെടുകയും ചെയ്തു.

ഹൃദയം മാറ്റിവയ്ക്കലിനു തയാറായിരിക്കുവാനുള്ള സന്ദേശം പേറി നിറുത്താതെ മുഴങ്ങിയ ഫോണ്‍ ബെൽ സാന്ദ്രയുടെ മുറിയിൽ മാറ്റൊലി മുഴക്കി.