Fr. എൺസ്ററ് സീബർ

Fr. എൺസ്ററ് സീബർ


ഒരു നവീകരണപ്രസ്ഥാനത്തിലെ വൈദികൻ ചരമമടഞ്ഞത്  പമുഖ സ്വിസ്സ് മാധ്യമങ്ങളിലെല്ലാം വാർത്താ പ്രാധാന്യത്തോടെ ഇന്നു സ്ഥാനം പിടിച്ചു. ആരായിരുന്നു അദ്ദേഹം ?!
Picture from wikipedia

1921 ഫെബ്രുവരി 27 ന് സ്വിറ്റസർലാൻഡിലെ സൂറിച്ചിനടുത്തുള്ള ഹോർഗെൻ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലം കൃഷിപ്പണിയിടങ്ങളിലും അഗ്രിക്കൾച്ചറൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം, അതിനോടൊപ്പം 12 ആം ക്ലാസ്സും പ്രൈവറ്റ് ആയി പഠിച്ച് സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും 1956 ൽ തിയോളജി പOനം പൂർത്തിയാക്കി ഒരു Reformirte പള്ളിയിൽ ജോലി തുടങ്ങി.

മനുഷ്യത്വത്തിന്റെ ആൾരൂപമായിരുന്ന Fr. സീബർ തന്റെ  തിയോളജി പOനത്തിൽ നിന്നും ബൈബിളിലുടെയും അടുത്തറിഞ്ഞ ക്രിസ്‌തുജീവിതം തന്നാലാവും വിധം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു.1960 ലെ ശൈത്യമേറിയ  ഒരു മഞ്ഞുകാലത്ത് രാത്രികാലങ്ങളിൽ തലചായ്ക്കുവാൻ ഒരു മേൽക്കൂരയില്ലാതെ തണുത്തു വിറങ്ങലിച്ചു വഴിയോരങ്ങളിലെ ബസ് സ്റ്റോപ്പുകളിലും പാർക്കിംഗ് സംവിധാനങ്ങളിലും അന്തിയുറങ്ങിയിരുന്ന പാവപ്പെട്ടവർക്കു വേണ്ടി ഒരു പഴയ ബങ്കർ വൃത്തിയാക്കിയെടുത്തു തലചായ്ക്കാനിടമൊരുക്കിയപ്പോൾ സ്വിസ്സ് ജനത ഒന്നടങ്കം അദ്ദേഹത്തെ അഭിനന്ദിച്ചു.

അതൊരു തുടക്കം മാത്രമായിരുന്നു. 1963 ൽ പാർപ്പിടമില്ലാത്തവർക്കു വേണ്ടിയുള്ള തന്റെ ആദ്യത്തെ വീടിന്  സൂറിച്ചിൽ തുടക്കം കുറിച്ചു, അങ്ങനെയുള്ളവരെ കണ്ടെത്തി ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു.
 1989 ൽ പാവപ്പെട്ട രോഗികളെ ശുശ്രുഷിക്കുവാനായി `Sunne Egge`എന്ന പേരിൽ ഒരു ക്ലിനിക് തുടങ്ങി അവർക്കവിടെ ചികിത്സാ സൗകര്യമൊരുക്കി.1991 മുതൽ 1995  വരെ സജീവരാഷ്ട്രീയത്തിലേയ്ക്കു തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുകയും ഈ കാലയളവിൽ EVP (Evangalische Volks Partei )യെ  പ്രതിനിധീകരിവച്ച് സ്വിസ്സ് പാർലമെന്റിൽ എത്തുകയും ചെയ്തു. 2012 ൽ ഭവനരഹിതരായ പാവങ്ങൾക്കു വേണ്ടി  അന്തേവാസികൾ തന്നെ നടത്തുന്ന രാത്രികാല വസതികൾക്കു തുടക്കം കുറിച്ചു. അവർക്ക് ഉറങ്ങുവാനുള്ള സൗകര്യവും, ഭക്ഷണവും മനഃ ശാന്തിക്കുതകുന്ന കൗൺസിലിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കി.തണുത്തുമരവിച്ച രാത്രികളിൽ അദ്ദേഹം തന്നെ തന്റെ വണ്ടിയുമായി ചെന്ന് വഴിയിൽ വീണു പോകുന്നവരെ കണ്ടെത്തി ഈ വീടുകളിലേക്ക് എടുത്തുകൊണ്ടു വന്നു.
1980 ൽ സൂറിച്ചിലെ കുപ്രസിദ്ധിയാർജിച്ച മയക്കുമരുന്നു തീരങ്ങളിൽ മരുന്നടിച്ചു വീണുപോകുന്നവർക്ക് ഉറങ്ങുവാനിടവും AIDS ബാധിതർക്കും മയക്കുമരുന്നിനടിമകളായവർക്കും വേണ്ടി പുനരധിവാസ കേന്ദ്രങ്ങളും   സ്ഥാപിച്ചു 

1988 ൽ അദ്ദേഹം തുടങ്ങി വച്ച Fr.സീബർ സാമൂഹ്യ സേവന പ്രസ്ഥാനത്തിൽ ഇന്ന് 16 കേന്ദ്രങ്ങളിലായി 180  പേർ ജോലി ചെയ്യുന്നു. ആൽബിസ് ഗുട്ടിലി യി സ്ഥാപിതമായ ഭവനരഹിതരുടെ ഇന്സ്റ്റിട്യൂട്ടും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് ഒരു കുട്ടിയെ കൂടി ദെത്തെടുക്കുകയും മറ്റു മൂന്നുകുട്ടികളെ സ്വന്തമായി പരിരക്ഷിക്കയും ചെയ്ത ഈ കുടുംബം അങ്ങനെ എട്ടു കുട്ടികളുടെ കുട്ടായ്മയായിരുന്നു.

പാവപ്പെട്ടവരുടെ വൈദികനായി അറിയപ്പെട്ട ഇദ്ദേഹത്തെ Prix Courage അവാർഡ്, സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണററി ഡോക്ടറേറ്റ്, സൂറിച്ച് സിറ്റി ഗവൺമെന്റിന്റെ പ്രശസ്തിപത്രം തുടങ്ങിയവ നൽകി സ്വിസ് ജനത ആദരിച്ചു.

നരച്ച താടിയും,തലയിൽ ഒരു പതിഞ്ഞ തൊപ്പിയും കഴുത്തിൽ ഷാളും ചുറ്റി ഒരിക്കലും മായാത്ത  നിഷ്കളങ്കമായ ചിരിയുമായി പാവങ്ങളുടെ മുൻപിൽ രക്ഷകനായി അവതരിച്ചിരുന്ന  Fr. എൺസ്ററ് സീബെർ മെയ് 19 നു ശനിയാഴ്ച 91 ആം വയസ്സിൽ ഓർമയായി.

ജീവിത നിലവാരത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സൂറിച്ചിലായിരുന്നു ഇദ്ദേഹത്തിന്റെ കര്മമണ്ഡലമെന്നത് നമ്മിൽ പലരെയും അത്ഭുതപ്പെടുത്തിയേക്കാം